സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിർമിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം ദുബായില്‍ പുരോഗമിക്കുന്നു. ‘ആനന്ദം’ എന്ന സിനിമയിലെ നായികമാരില്‍ ഒരാളായി തിളങ്ങിയ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായ അന്നു 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ്സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന ചിത്രംകൂടിയാണ് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’. പൂർണമായും ഗള്‍ഫ് പാശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ചിത്രത്തിൽ അന്നുവിനെ കൂടാതെ പ്രിജിൽ, ആൻസൺ പോൾ, മിഥുൻ രമേഷ് തുടങ്ങി മലയാളത്തിലെ ഒരുപിടി താരങ്ങൾക്കൊപ്പം അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫർ, നസ്സഹ എന്നിവരും അഭിനയിക്കുന്നുണ്ട്.
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിജു എം ഭാസ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വാർത്ത പ്രചാരണം നിർവഹിക്കുന്നത് പി ശിവപ്രസാദ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മ്യാവൂ’ എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായിലെത്തുന്ന ഷൂട്ടിംഗ് സംഘമാണ്‘മെയ്ഡ് ഇന്‍ ക്യാരവാന്‍’.
ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നേരെത്തെ ശ്രദ്ധ നേടിയിരുന്നു. ഒരു വാനും നായക്കുട്ടിയും ഉൾപ്പെടുന്ന പോസ്റ്ററിൽ കടലോരത്ത് ഇരിക്കുന്ന അന്നുവിന്റെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിൽ ഉണ്ടായിരുന്നത്. വേറിട്ട പേരുകൊണ്ടും ടൈറ്റിൽ ലുക്ക് പോസ്റ്റർ കൊണ്ടും ശ്രദ്ധേയമായ ചിത്രത്തിന്റെ സ്വഭാവവും കഥയും ഇപ്പോഴും സസ്പൻസിലാണ്.
Most Read: കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്ജിദ് വിട്ടു നൽകി