ന്യൂഡെൽഹി: ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും അംഗീകാരം നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് ഇതിന് തത്വത്തിൽ അനുമതി നൽകിയതെന്ന് പ്രമുഖ ദേശീയ മാദ്ധ്യമമായ ലൈവ് മിന്റ് റിപ്പോർട് ചെയ്‌തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമാകും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുക. സർക്കാരിന്റെയും എൽഐസിയുടെയും എത്ര ശതമാനം ഓഹരികൾ വിൽക്കണമെന്ന് ഈ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനിക്കുക. ഐഡിബിഐ ബാങ്കിലെ മാനേജ്‌മെന്റ് നിയന്ത്രണം ഉപേക്ഷിച്ച് എൽഐസി ബോർഡ് നേരത്തെ ഓഹരി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.
ഐഡിബിഐ ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സർക്കാരിന്റെയും എൽഐസിയുടെയും കൈവശമാണ്. കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവുമാണ് ബാങ്കിൽ ഓഹരി വിഹിതം ഉള്ളത്. എൽഐസിയാണ് നിലവിൽ ഐഡിബിഐ ബാങ്കിന്റെ പ്രൊമോട്ടർ, കേന്ദ്ര സർക്കാരാണ് ബാങ്കിന്റെ കോ- പ്രൊമോട്ടർ.
Also Read: കോവിഡ് ദേവന്റെ ദേഷ്യമെന്ന് പുരോഹിതൻ; ഗുജറാത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൂജ