അഹമ്മദാബാദ്: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സനന്ദ് നഗരത്തിൽ മതപരമായ ആഘോഷം. ബലിയദേവ് ക്ഷേത്രത്തിൽ ജലം അർപ്പിക്കാൻ ആയിരക്കണക്കിന് സ്‌ത്രീകൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ദേവൻമാർക്ക് ദേഷ്യം’ ഉള്ളതിനാലാണ് കോവിഡ് വന്നതെന്ന് പ്രാദേശിക പുരോഹിതൻ പറഞ്ഞതിനെ തുടർന്നാണ് ആഘോഷം സംഘടിപ്പിച്ചത്.
പുരോഹിതൻ പറഞ്ഞതിനുസരിച്ച് ആളുകളെ അണിനിരത്തി ‘കോവിഡ് ഇല്ലാതാക്കാൻ’ പൂജയും നടത്തി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഗുരുതരമായ നിയമലംഘനം നടന്നത്. നേരത്തെ കുംഭമേള അടക്കമുള്ള മതപരമായ ചടങ്ങുകളിൽ പങ്കെടുത്തവർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.
പൂജ നടത്തി ജലം അർപ്പിച്ച സ്‌ത്രീകൾ സനന്ദ് താലൂക്കിലെ നവപുര, നിധാരദ ഗ്രാമങ്ങളിൽ ഒത്തുകൂടി. സ്‌ഥലത്ത് ഡിജെ സംഗീതവും ഒരുക്കിയിരുന്നു. ആഘോഷത്തിൽ പങ്കെടുത്തവർ മാസ്‌ക് ധരിച്ചിരുന്നില്ല.
സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് നടപടി സ്വീകരിച്ചു. ഗ്രാമത്തിലെ സർപഞ്ച് ഉൾപ്പെടെ 23 പേർക്കെതിരെ നടപടിയെടുത്തു. ഡിജെ നടത്തിയ വ്യക്‌തിക്കെതിരെയും ആഘോഷത്തിന്റെ സംഘാടകനെതിരെയും നടപടിയെടുത്തിട്ടുണ്ട്.
Read Also: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍