ന്യൂഡെൽഹി: ലോക്‌സഭയിൽ ഇന്നും കൂട്ട സസ്‌പെൻഷൻ. പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ച 49 പ്രതിപക്ഷ എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്‌തത്. ശശി തരൂർ, കെ സുധാകരൻ, മനീഷ് തിവാരി, സുപ്രിയ സുളെ, അടൂർ പ്രകാശ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അതേസമയം, രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും സസ്‌പെൻഷനിൽ നിന്ന് ഒഴിവാക്കി. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇതുവരെ 141 പ്രതിപക്ഷ എംപിമാരാണ് സസ്പെൻഷനിൽ ആയത്. ലോക്‌സഭയിൽ ഇന്ന് രാവിലെ മുതൽ ശക്‌തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. പോസ്‌റ്റർ ഉയർത്തി നടുത്തളത്തിൽ ഇറങ്ങിയായിരുന്നു പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ചത്.
പ്രധാനമന്ത്രി സഭയിൽ പങ്കെടുക്കണം, ആഭ്യന്തരമന്ത്രി രാജിവെക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതോടെ അഞ്ചു മിനിറ്റിനുള്ളിൽ സഭ പിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പീക്കർ ഓം ബിർള സസ്‌പെൻഷൻ നടപടികളിലേക്ക് കടന്നത്. അതേസമയം, സസ്‌പെൻഡ് ചെയ്‌ത എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷാ വീഴ്‌ച വിഷയത്തിൽ അമിത് ഷാ സഭയിൽ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
എന്നാൽ, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും അധ്യക്ഷൻമാർ നിലപാട് വ്യക്‌തമാക്കി എന്നുമാണ് ബിജെപി അറിയിച്ചത്. പ്രതിഷേധിച്ച 78 പ്രതിപക്ഷ എംപിമാരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ലോക്‌സഭയിൽ മൂന്ന് പേരെയും രാജ്യസഭയിൽ 11 പേരെയും അവകാശ ലംഘന സമിതിയുടെ അന്വേഷണത്തിന് ശേഷമേ തിരിച്ചെടുക്കൂ. ബാക്കിയുള്ളവർക്ക് ഈ സമ്മേളന കാലാവധിയായ 22 വരെയാണ് സസ്‌പെൻഷൻ. കഴിഞ്ഞ വെള്ളിയാഴ്‌ച ലോക്‌സഭയിൽ നിന്ന് 13 പേരെയും രാജ്യസഭയിൽ നിന്ന് ഒരാളെയും സസ്‌പെൻഡ് ചെയ്‌തിരുന്നു.
Vanitha| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ