വ്യാപകമാകുന്ന ‘ആധുനിക ലഹരി’: സമഗ്ര അന്വേഷണം അനിവാര്യം; പൗരസമിതി

By Asharaf Panthavoor, Malabar Reporter
  • Follow author on
New Generation Drugs
ആധുനിക ലഹരികളിൽ ചിലത്
Ajwa Travels

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം പരിസരങ്ങളിൽ ആധുനിക മയക്കുമരുന്നുകൾ വ്യാപകമാകുന്നു. ഇവക്കെതിരെ ശക്‌തമായ നടപടിവേണമെന്ന ആവശ്യവുമായി പൗരസമിതി രംഗത്ത്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉൻമാദത്തിൽ തുടരാവുന്ന മാക്‌സ് ജെല്ലി എക്‌സ്‌റ്റസി എന്നറിയപ്പെടുന്ന എംഡിഎംഎ പോലുള്ള അതീവഗുരുതരമായ ‘സിന്തറ്റിക്’ മയക്കുമരുന്നുകൾ പോലും ചങ്ങരംകുളം മേഖലയിൽ വ്യാപകമാകുന്നു.

ഇതിന്റെ പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ പരിസരത്തുണ്ടായ മയക്കുമരുന്ന് വേട്ടകൾ. ഫെബ്രുവരി മാസത്തിലാണ് കൂര്‍ക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി ഷാ മന്‍സിലില്‍ ഷാഫി (30) അറസ്‌റ്റിലായത്‌. ഇയാളുടെ കയ്യിൽ നിന്ന് തൃശൂര്‍ വെസ്‌റ്റ് പൊലീസ് പിടികൂടിയ എംഡിഎംഎ, പാര്‍ട്ടി ഡ്രഗ് എന്നറി‍യപ്പെടുന്ന എൽഎസ്‌ഡി സ്‌റ്റാംപ് എന്നിവ ചങ്ങരംകുളം പരിസരത്ത് വിതരണത്തിന് കൊണ്ടുവന്നതാണ് എന്നായിരുന്നു റിപ്പോർട്.

ഇന്നലെ, ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്‌മൽ (28) നെയാണ് 60 ഗ്രാം എംഡിഎംഎ, അഞ്ചു ഗ്രാം ചരസ് എന്നിവയുമായി പൊന്നാനി എക്‌സൈസ് ഇൻസ്‌പെക്‌ടർ ദാമോദരനും സംഘവും പിടികൂടിയത്. 60ഗ്രാം എംഡിഎംഎ എന്നത് 600 പേർക്കെങ്കിലും ഉപയോഗിക്കാവുന്ന അളവിലുള്ള മയക്കുമരുന്നാണ്. കുറ്റകൃത്യ ഗവേഷണരംഗത്തെ വിദഗ്‌ധനായ ഡോ. അനിൽകുമാർ പറയുന്നത് അനുസരിച്ച്, ഒരു പ്രദേശത്ത് നിന്ന് 50 ഗ്രാമിൽ കൂടുതൽ എംഡിഎംഎ, എൽഎസ്‌ഡി സ്‌റ്റാംപ് പോലുള്ള ആധുനിക മയക്കുമരുന്നുകൾ പിടികൂടിയാൽ, പത്തുകിലോമീറ്റർ ചുറ്റളവിലുള്ള ആ പരിസരം മയക്കുമരുന്ന് വ്യാപന മേഖലയാണെന്ന് ഉറപ്പിക്കാം.

Changaramkulam News_Excise Inspector Damodaran
പൊന്നാനി എക്സൈസ് ഇൻസ്‌പെക്‌ടർ ദാമോദരനും സംഘവും പിടിച്ചെടുത്ത മയക്കുമരുന്നിനും പ്രതിക്കുമൊപ്പം

ചങ്ങരംകുളം. ആലങ്കോട്, മൂക്കുതല, പന്താവൂർ, നടുവട്ടം, എടപ്പാൾ പരിസരങ്ങളിലെല്ലാം ഇവയുടെ വിൽപന നടക്കുന്നതായി നിരവധിയാളുകൾ സാക്ഷ്യപ്പെടുത്തുന്നു. ലോക്ക്ഡൗൺ കാലത്ത് വൈകിയുണരുന്ന പല കുട്ടികളും പരിസരപ്രദേശങ്ങളിൽ ഇതിന് അടിമകളായിട്ടുണ്ട്. കഞ്ചാവ് പോലെ മണമോ, സൂക്ഷിക്കാൻ ഇടമോ ആവശ്യമില്ലാത്ത ഈ ആധുനിക മയക്കുമരുന്നുകൾ പോലീസിന് ആക്‌സസ് ലഭ്യമല്ലാത്ത ‘ടെലഗ്രാം’ പോലുള്ള ആധുനികവ്യക്‌തിഗത മൊബൈൽ ആപ്പുകൾ വഴിയാണ് ഓർഡർ ചെയ്യുന്നതും വാങ്ങുന്നതും.

ഓർഡർ ചെയ്‌ത സാധനം വീടിന് പരിസരത്ത് ബൈക്കിലെത്തുന്ന സംഘത്തിൽ നിന്ന് നിമിഷനേരം കൊണ്ട്‌ വാങ്ങുകയോ അതുമല്ലങ്കിൽ പരസ്‌പരം അറിയാവുന്ന ഒരു ചെറിയ മതിൽപൊത്തിലൊ മറ്റോ വിതരണക്കാരൻ രാത്രിയിൽ ഒളിപ്പിച്ചു വെക്കുകയോ ചെയ്യുന്നു., ശേഷം ‘ടെലഗ്രാമിൽ’ ലൊക്കേഷൻ മാപ്പും ഇരിക്കുന്ന സ്‌ഥലത്തിന്റെ ഫോട്ടോയും അയച്ചു കൊടുക്കുന്നതാണ് രീതി. ഇത്തരത്തിലുള്ള വിതരണ ശൃംഖല കണ്ടെത്തലും തകർക്കലും പോലീസിനെ സംബന്ധിച്ച് അത്രയെളുപ്പമുള്ള കാര്യമല്ല എന്നതാണ് യാഥാർഥ്യം.

Telegram App
ടെലഗ്രാം ആപ്പ്

സാഹചര്യത്തിന്റെ ഗൗരവം  മനസിലാക്കിയ പൗരസമിതി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പിടിക്കപ്പെടുന്ന വ്യക്‌തികളെ ശാസ്‌ത്രീയമായി ചോദ്യംചെയ്‌തും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായങ്ങൾ സ്വീകരിച്ചും നാട്ടുകാരുടെ സഹകരണമുറപ്പിച്ചും സമഗ്രമായ അന്വേഷണത്തിലൂടെയും പ്രതിരോധത്തിലൂടെയും ലഹരിവസ്‌തുക്കളുടെ ഈ വിപത്തിൽനിന്ന് യുവതലമുറയെയും വരുംതലമുറയെയും സംരക്ഷിക്കണമെന്നാണ് ചങ്ങരംകുളം പൗരസമിതി അധികാരികളോട് ആവശ്യപ്പെടുന്നത്.

ഇന്നലെ അതീവഗുരുതരമായ ലഹരിവസ്‌തുക്കളുമായി പിടിക്കപ്പെട്ട പ്രതിയുടെ വീട്ടു പരിസരത്ത് എക്‌സൈസ് ഉദ്യോഗസ്‌ഥൻമാർക്ക് വേണ്ടി സാക്ഷിപറയാൻ തയ്യാറായ തദ്ദേശീയരായ ആളുകളെ പ്രതികളുടെ ആളുകൾ ഭീഷണിപ്പെടുത്തിയത് അങ്ങേയറ്റം ഗൗരവവും ആശങ്കാജനകവുമാണ്‌. ലഹരി മാഫിയയെ അമർച്ച ചെയ്യാൻ നിയമപാലകർ തയ്യാറാകണം. പ്രദേശവാസികളും പൊതു ജനങ്ങളും ഇതിനെതിരെ കൂട്ടായി രംഗത്ത് വരണം; പൗരസമിതി ആവശ്യപ്പെട്ടു.

LSD Usage
നാക്കിൽ സ്‌റ്റിക്കർ രൂപത്തിൽ ഒട്ടിക്കുന്ന അതീവ ഗുരുതര ലഹരി ‘എൽഎസ്‌ഡി’ (ചിത്രീകരണം)

മേഖലയിൽ സ്‌കൂൾ കുട്ടികൾക്കടക്കം ആധുനിക ലഹരി കൈമാറുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണികളാണ്‌ ഇവർ. ഇവർക്ക്‌ പ്രമുഖരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പൗരസമിതി ഇതുസംബന്ധമായി എസ്‌പി, ഐജി, ഡിജിപി എന്നിവർക്ക്‌ പരാതി നൽകും; പൗരസമിതി പ്രവർത്തകർ പറഞ്ഞു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ചെയർമാൻ പിപിഎം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, കുഞ്ഞിമുഹമ്മദ്‌ പന്താവുർ, സുരേഷ്‌ ആലംകോട്‌, പിപി ഖാലിദ്‌, ടിവി മുഹമ്മദ്‌ അബ്‌ദുറഹ്‌മാൻ, കെസി അലി, കെ അനസ്‌, മുജീബ്‌ കോക്കൂർ എന്നിവർ സംസാരിച്ചു.

അസി. എക്‌സൈസ് കമ്മീഷണർ പറയുന്നത്;

അനുദിനം വളരുന്ന തന്ത്രങ്ങളും സാങ്കേതിക വിദ്യയും വലിയ പ്രതിസന്ധി തന്നെയാണ്. പ്രത്യേകിച്ചും ആധുനിക തലമുറയിലെ സിന്തറ്റിക് മയക്കുമരുന്നുകൾ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

വളരെ ചെറിയ ഗ്രാം അളവുകൾ ആയതുകൊണ്ട് കൈകാര്യം ചെയ്യാനുള്ള എളുപ്പം, രക്ഷിതാക്കൾ ഉൾപ്പടെയുള്ള ആളുകൾക്ക് പെട്ടെന്ന് മനസിലാകാത്ത ഉപയോഗരീതി, കഞ്ചാവ് അല്ലങ്കിൽ സിഗരറ്റ് പോലുള്ള സാധനങ്ങൾക്ക് ഉള്ളതുപോലുള്ള മണമില്ലായ്‌മ, വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ, കഞ്ചാവ്, മദ്യം പോലുള്ളവയേക്കാൾ വേഗത്തിൽ തലക്ക് പിടിക്കുന്ന ലഹരി ഒപ്പം സിനിമകളുടെയും ഗെയിമുകളുടെയും സ്വാധീനം, ആവശ്യമുള്ള ‘വായന’ ഇല്ലാത്തത് കൊണ്ട് ശിക്ഷകളെ കുറിച്ചുള്ള ധാരണയില്ലായ്‌മ, 15 വയസൊക്കെ ആകുമ്പോഴേക്കും വന്നുചേരുന്ന സാമ്പത്തിക-വ്യക്‌തി സ്വാതന്ത്ര്യം, അവകാശങ്ങൾ, കുടുംബ സാഹചര്യം, കൂട്ടുകെട്ട്, നിലവിലെ അരക്ഷിതാവസ്‌ഥ, സമ്മർദ്ദങ്ങൾ ഇത്തരത്തിൽ നിരവധി കാരണങ്ങളുണ്ട് ഇവയുടെ വ്യാപനത്തിന്.

T. Anilkumar Asst. Excise Commissioner
അസി എക്‌സൈസ് കമ്മീഷണർ ടി അനിൽകുമാർ

അതുകൊണ്ടു തന്നെ, മയക്കുമരുന്ന് ഉപയോഗം ജില്ലയിൽ ഉയരുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷെ, മറ്റുജില്ലകളെ സംബന്ധിച്ച് നോക്കുമ്പോൾ മലപ്പുറം ജില്ലയിൽ ജനകീയ സഹകരണത്തോടെ നല്ല പ്രതിരോധം ഉയർത്താൻ കഴിയുന്നുണ്ട്. ലോക്ക്ഡൗൺ കാലമായത് കൊണ്ടുള്ള ചില സ്വാഭാവിക പ്രതിസന്ധി ഉണ്ടങ്കിലും എക്‌സൈസ് വകുപ്പും ജില്ലയിലെ ജനങ്ങളും തമ്മിൽ നല്ലൊരു ബന്ധം നിലവിലുണ്ട്; അസി. എക്‌സൈസ് കമ്മീഷണർ ടി അനിൽകുമാർ പറഞ്ഞു.

ബോധവൽകരണ പദ്ധതികൾ വലിയ അളവിൽ പ്രതിരോധത്തിന് സഹായിക്കുന്നുണ്ട്. കോവിഡ് കാലമായത് കൊണ്ട് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബോധവൽകരണം വഴിയുള്ള പ്രതിരോധം കുറഞ്ഞിട്ടുണ്ട്. അതും കാര്യമായി സ്വാധീനിച്ചിട്ടുണ്ടാകാം. എങ്കിലും പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടാക്കിയിട്ടുള്ളനെറ്റ് വർക്കും സാങ്കേതിക വിദ്യയുടെ സഹായങ്ങളും നിലവിലുള്ളതു കൊണ്ട് കൃത്യമായ വിവരങ്ങൾ ലഭിക്കുകയും അറസ്‌റ്റും അന്വേഷണവും നടക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ, പിടിച്ച കേസിന് പിന്നിലാണ് ഞങ്ങളിപ്പോൾ. ഇതിലും അടിവേരുവരെ ഞങ്ങൾക്ക് പോകാൻ കഴിയും എന്നാണ് വിശ്വാസം. അങ്ങനെ പരമാവധി സോഴ്‌സുകൾ തകർക്കുന്നുണ്ട്.

anti drug campaign

സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ബോധവൽകരണം ആവശ്യമാണ്. സന്നദ്ധ സംഘടനകളും ഇതര സാമൂഹിക പ്രസ്‌ഥാനങ്ങളും ക്ളബുകളും വായനശാലകളും തുടങ്ങി എല്ലാവരും അതിന് മുന്നിലുണ്ടാകണം. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ബോധവൽകരണം ഇരുതല മൂർച്ചയുള്ള വാളാണ്. ഇത്തരം വിഷയത്തിൽ ശാസ്‌ത്രീയമായി അവഗാഹം നേടിയ വ്യക്‌തികൾ ആയിരിക്കണം ബോധവൽകരണം നയിക്കേണ്ടത്. അതല്ലങ്കിൽ അത് ഈ മേഖലയെക്കുറിച്ചുള്ള സാധ്യതകൾ തുറന്നുകൊടുക്കുന്ന ഒന്നായിമാറും. അത് ശ്രദ്ധിക്കണം; അനിൽകുമാർ പറഞ്ഞു നിറുത്തി.

മറ്റൊരു ഉദ്യോഗസ്‌ഥൻ പറയുന്നത്;

25 വർഷത്തിൽ കൂടുതൽ സർവീസ് അനുഭവം വച്ചുകൊണ്ടു പറയുകയാണ്, ഏകദേശം മൂന്നര ദശാബ്‌ദം പഴക്കമുള്ള നിയമത്തിന്റെ പിൻബലത്തിലാണ് എക്‌സൈസ് ഡിപ്പാർട്മെന്റ് ഇപ്പോഴും സഞ്ചരിക്കുന്നത്. ചില പുതിയ കൂട്ടിച്ചേർക്കലുകൾ വന്നെങ്കിലും അതൊന്നും കൃത്യമായി പഠിച്ചു തയ്യാറാക്കിയതല്ല.

Kerala Excise Department Logo_Malabar News
കേരള എക്‌സൈസ് വകുപ്പ് ലോഗോ (ചിഹ്‌നം)

എന്റെ അഭിപ്രായത്തിൽ നിലവിലുള്ള എക്‌സൈസ് നിയമങ്ങൾ പരിപൂർണമായും ആധുനിക കാലത്തിനെയും അതിന്റെ വെല്ലുവിളികളെയും നേരിടാൻ പാകത്തിൽ പൊളിച്ചെഴുതണം. അത് മനുഷ്യ പക്ഷത്ത് നിന്നും ലഹരിനിയന്ത്രണ ഭാഗത്ത് നിന്നും വേണം പൊളിച്ചെഴുതാൻ.

ഒപ്പം, എക്‌സൈസ് വകുപ്പിനെ അടിമുടി ആധുനിക വൽക്കരിക്കണം. ആളുകൾക്ക് അപ്പപ്പോൾ വിവരങ്ങളെത്തിക്കാൻ സഹായകമാകുന്ന തരത്തിലുള്ള മൊബൈൽ ആപ്പുകൾ, ഭയമില്ലാതെ, തന്റെ പേരോ മറ്റോ വെളിപ്പെടുത്താതെ സംശയങ്ങൾ അറിയിക്കാനുള്ള ആധുനിക വെബ്‌സൈറ്റ് തുടങ്ങിയ പലതും വരേണ്ടതുണ്ട്. വ്യാപകമാകുന്ന വിപത്തിനെ തടയാൻ ആവശ്യമായ ഉദ്യോഗസ്‌ഥർ വകുപ്പിൽ വേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥൻമാരുടെ കുറവ് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന മേഖലയാണ് എക്‌സൈസ് വകുപ്പ്. പലർക്കും അതറിയില്ല.

Say No to Drug_Malabar News

സംസ്‌ഥാന സർക്കാർ നേതൃത്വത്തിൽ, യുവസമൂഹത്തിലേക്ക് എത്തുന്ന എല്ലാ മാദ്ധ്യമങ്ങളും വഴി തുടർച്ചയായ ബോധവൽകരണം ഉണ്ടാകണം. പ്രൊഫഷണൽ മയക്കുമരുന്ന് കച്ചവടക്കാർ ഒഴികെ പിടിക്കപ്പെടുന്ന 90 ശതമാനം യുവാക്കൾക്കും ശിക്ഷയെ സംബന്ധിച്ചോ ഇതിന്റെ ഗൗരവത്തെ സംബന്ധിച്ചോ യാതൊരു ധാരണയുമില്ല. പലപ്പോഴും നിസഹായരായി പോകാറുണ്ട് അന്വേഷണ ഉദ്യോഗസ്‌ഥർ. മേലുദ്യോഗസ്‌ഥൻ എന്ന നിലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന കോളുകൾ പലപ്പോഴും വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് യുവസമൂഹത്തിനെ ഈ മേഖലയിലെ ശിക്ഷാവിധികളും അപകടങ്ങളും നിരന്തരം ഓർമപ്പെടുത്തി കൊണ്ടിരിക്കണം.

ബോധവൽകരണം നടക്കുന്നതായി റെക്കോർഡുകളിൽ കാണാം. പക്ഷെ, കണക്കിൽ മാത്രമാണ് ബോധവൽകരണം നടക്കുന്നത്. ഈ പേരിൽ കുറെ വെള്ളാനകളാണ് കാശുണ്ടാക്കുന്നത്. ഈ വകുപ്പിൽ നടന്നത് പോലെ അഴിമതിനടന്ന ഒരു വകുപ്പും ഒരു ഭരണകാലത്തും ഉണ്ടായിട്ടില്ല. സിസ്‌റ്റത്തിനകത്ത് നിൽക്കുന്നത് കൊണ്ട് പലപ്പോഴും നിശബ്‌ദനാകാനേ പറ്റുന്നുള്ളു.

Kerala Excise Department Situation
Representational Image

പക്ഷെ, മാദ്ധ്യമങ്ങൾക്ക് ഇതൊക്കെ പുറത്തുകൊണ്ടു വരാനും പൊളിച്ചു പണിയിക്കാനും സാധിക്കും. പല്ലുപോയ ചീർപ് വെച്ച് മുടിചീകുന്ന അവസ്‌ഥയിലാണ്‌ എക്‌സൈസ് ഡിപ്പാർട്മെന്റ് എന്നത് മാത്രം മനസിലാക്കുക. അതുകൊണ്ട് എക്‌സൈസ് ഡിപ്പാർട്മെന്റ് അടിമുടി പൊളിച്ചു പണിയണം. എന്നാലേ ഈ അവസ്‌ഥയെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ പറ്റൂ എന്നതാണ് യാഥാർഥ്യം; ഉദ്യോഗസ്‌ഥൻ വ്യക്‌തമാക്കി.

Most Read: മുംബൈയിൽ 100 കടന്ന് പെട്രോൾ വില; അടുത്തത് കേരളമോ?

YOU MAY LIKE