തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനമായ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷനിലെ (നിപ്‌മർ) റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആൻഡ് റിസര്‍ച്ച് സെന്ററിന്റെ ശാക്‌തീകരണത്തിന് 51,65,778 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
ആര്‍എആര്‍ആര്‍സി പ്രോജക്‌ടിന് കീഴില്‍ ശിശു വികസനം, ഗവേഷണം എന്നിവക്ക് 26,20,039 രൂപയും സെന്‍സറി ഗാര്‍ഡന്‍ നാലാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 23,83,389 രൂപയും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മ്യൂസിക് തെറാപ്പി, ഡാന്‍സ് തെറാപ്പി, യോഗ തെറാപ്പി പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതിനായി 1,62,350 രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്‌തമാക്കി.
നിലവില്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആൻഡ് റിസര്‍ച്ച് സെന്ററിലെ ഓട്ടിസം സ്‌കൂള്‍ കുട്ടികള്‍ക്കും വിവിധ തെറാപ്പികള്‍ക്കായി നിപ്‌മർ സേവനം ലഭിക്കുന്ന മറ്റ് കുട്ടികള്‍ക്കും മ്യൂസിക് തെറാപ്പി, ഡാന്‍സ് തെറാപ്പി, യോഗതെറാപ്പി എന്നിവയുടെ സേവനങ്ങള്‍ ലഭിക്കുന്നതാണ്. സംസ്‌ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതിയില്‍പ്പെടുത്തിയാണ് നിപ്‌മറിന് ഈ തുക അനുവദിച്ചിട്ടുള്ളത്.
നിപ്‌മറിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നിപ്‌മറിന്റെ വികസനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി 2,66,46,370 രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. അതുകൂടാതെയാണ് ഈ തുക കൂടി അനുവദിച്ചിട്ടുള്ളത്.
Read also: കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ