ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 142 അടിയാണ്. നിലവിൽ ഡാമിന്റെ മൂന്ന്, രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
സെക്കൻഡിൽ 839 ഘനയടി വെള്ളമാണ് ഡാമിൽനിന്നും പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്. ജലനിരപ്പ് താഴ്‌ന്നതിനെ തുടർന്ന് നേരത്തെ ഷട്ടറുകൾ അടച്ചിരുന്നു. ഇപ്പോൾ വീണ്ടും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. തീരദേശത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടതിൽ കേരളം പ്രതിഷേധം അറിയിച്ചു. പ്രശ്‌നം തമിഴ്‌നാടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.
രാത്രിയിൽ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി ശരിയല്ല. പകൽ സമയങ്ങളിൽ വെള്ളം ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കണം; മന്ത്രി പറഞ്ഞു. തമിഴ്‌നാടിനോട് പരമാവധി വെള്ളം എടുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കേന്ദ്ര ജല കമ്മീഷനെ സ്‌ഥിതിഗതികൾ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
Most Read: ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; സർക്കാരിനോട് ദേവസ്വം ബോർഡ്