കോവിഡ് ചികിൽസ; 10 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ മുസ്‌ലിം ലീഗ്

By News Desk, Malabar News
muslim-league-to-donate-rs-10-worth-of-medical-equipment-to-covid-treatment-centers
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സമാഹരിച്ച് നൽകാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, അഡ്വ. എം ഉമർ എം.എൽ.എ എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ സഹായം സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലാ കളക്‌ടർക്ക് കൈമാറും.

രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയും ചികിൽസാ ഉപകരണങ്ങളുടെ കുറവും ഗുരുതര പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിൽ കളക്‌ടർ കെ. ഗോപാല കൃഷ്‍ണൻ സാദിഖ് അലി ശിഹാബ് തങ്ങളുമായി നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിലാണ്‌ ഉപകരണങ്ങൾ നൽകാൻ തീരുമാനിച്ചത്. പദ്ധതി തയാറാക്കുവാൻ വേണ്ടി എംപിമാർ, എംഎൽഎമാർ, സഹകരണ സ്‌ഥാപന പ്രതിനിധികൾ എന്നിവരുടെ ഓൺലൈൻ യോഗം ചേർന്നിരുന്നു. ‘അതിജീവനം കോവിഡ് മോചനത്തിന്, മുസ്‌ലിം ലീഗ് കൈത്താങ്ങ്’ എന്ന പേരിൽ ക്യാമ്പയിൻ നടത്താനാണ് യോഗത്തിൽ തീരുമാനിച്ചത്.

എംപി, എംഎൽഎ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്‌തി വികസന ഫണ്ട്, നേതാക്കളുടെ വ്യക്‌തി ബന്ധങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയുള്ള സ്‌പോൺസറിങ്ങിലൂടെ പണം സ്വരൂപിക്കും. കൂടാതെ, തദ്ദേശ സ്‌ഥാപനങ്ങളുടെ വികസന ഫണ്ട്, സർവീസ് സഹകരണ ബാങ്കുകളുടെ പൊതു നൻമ ഫണ്ട്, കെഎംസിസി അടക്കമുള്ള സംഘടനകളുടെ സ്‌പോൺസറിങ് എന്നിവയിലൂടെയും പണം കണ്ടെത്തും. ഈ രീതിയിൽ കോവിഡ് ചികിൽസക്ക് സഹായം ലഭ്യമാക്കുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതികളും ഉത്തരവുകളും ലഭ്യമാക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചതായി നേതാക്കൾ വ്യക്‌തമാക്കി.

ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്‌ത്‌ തുടങ്ങിയ സാഹചര്യത്തിൽ തന്നെ ലീഗ് എംപിമാരും എംഎൽഎമാരും പാർട്ടി ഭരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങളും വികസന ഫണ്ടിലൂടെയും സ്‌പോൺസർഷിപ്പിലൂടെയും സഹായം കൈമാറിയിരുന്നു. 5.07 കോടി രൂപയാണ് എംഎൽഎമാരും എംപിമാരും മാത്രം സമാഹരിച്ച് നൽകിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE