തിരുവനന്തപുരം : സംസ്‌ഥാനത്ത് മാരകശേഷിയുള്ള കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കോവിഡിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് നിലവിൽ കേരളത്തിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ രോഗവ്യാപനം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ആളുകൾ കർശന ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോവിഡ് വൈറസിന്റെ യുകെ വകഭേദം കണ്ടെത്തിയത് കേരളത്തിൽ വടക്കൻ ജില്ലകളിലാണ്. മാരക ശേഷിയുള്ള ഈ വകഭേദങ്ങൾ വലിയ രീതിയിലുള്ള വ്യാപനത്തിന് കാരണമായേക്കാം. അതിനാൽ തന്നെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ളാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തന്നെ ഹോസ്‌റ്റലുകൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കും. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടാൻ തീരുമാനമായിട്ടുണ്ട്. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read also : വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം പോകേണ്ടതില്ല; കർശന നിയന്ത്രണങ്ങൾ