ഇടുക്കി: ചിന്നക്കനാലിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്‌തി കയ്യേറിയത് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ല. ആദിവാസികൾക്ക് അനുവദിച്ച പതിമൂന്ന് ഏക്കറിലധികം ഭൂമിയാണ് വർഷങ്ങളായി രണ്ടു കയ്യേറ്റക്കാർ കൈവശപ്പെടുത്തി വച്ചിരിക്കുന്നത്. ആദിവാസി പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി ചിന്നക്കനാൽ 301 കോളനിയിൽ വിതരണത്തിനായി മാറ്റിയിട്ട സ്‌ഥലമാണ് കയ്യേറ്റക്കാർ സ്വന്തമാക്കിയത്.
സിംഗുകണ്ടം സ്വദേശി എൽസി മത്തായി, ചിന്നക്കനാൽ സ്വദേശി പാൽരാജ് എന്നവരാണ് കയ്യേറ്റക്കാർ. ഭർത്താവ് മരിച്ചതിനെ തുടർന്ന് എൽസിയുടെ കൈവശമാണ് ഭൂമി. എട്ടു പ്ളോട്ടുകളിലെ ഒൻപതേക്കറിലേറെ ഭൂമിയാണ് എൽസി കയ്യേറിയിരിക്കുന്നത്. നാലു പ്ളോട്ടുകളിലായി നാലരയേക്കർ സ്‌ഥലം പാൽരാജും കയ്യേറി. ഇതിനോട് ചേർന്ന് ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തുള്ള കെഎസ്ഇബി ഭൂമിയും പാൽരാജ് കയ്യേറിയിട്ടുണ്ട്.
2004ൽ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തുടർന്ന് കയ്യേറ്റക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ആദിവാസി ഭൂമി ആയതിനാൽ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഭൂമി ഒഴിപ്പിച്ചെടുക്കാൻ തന്നെ റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതനുസരിച്ച് ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് എത്തി. മണ്ണെണ്ണക്കുപ്പിയുമായി എൽസി ആത്‌മഹത്യ ഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്‌ഥർ മടങ്ങി.
തുടർന്ന് കൂടുതൽ പോലീസ് സന്നാഹത്തോടെ ഒഴിപ്പിക്കൽ നടത്താൻ ദേവികുളം സബ് കളക്‌ടറെ ഇടുക്കി ജില്ലാ കളക്‌ടർ ചുമതലപ്പെടുത്തി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ സബ് കളക്‌ടർ തയ്യാറാകുന്നില്ല. ഒഴിപ്പിക്കൽ നടപടിക്ക് പോലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം സബ് കളക്‌ടർ വിളിച്ചിരുന്നു. എന്നാൽ കയ്യേറ്റക്കാരെ ഭയന്ന് പിന്നീട് നടപടിയൊന്നും എടുത്തിട്ടില്ല.
Read Also: ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും