ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക. വസതി ഒഴിയുമ്പോൾ കെസി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പം ഉണ്ടാകും.
മാർച്ച് 23ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ്, ഏപ്രിൽ 22നുള്ളിൽ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയത്. ഒഴിയാമെന്ന് രാഹുൽ മറുപടിയും നൽകിയിരുന്നു. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്.
ആദ്യമായി എംപിയായ 2005 മുതൽ ഡെൽഹി തുഗ്ളക്ക് റോഡിലെ ഇതേ വസതിയിലാണ് രാഹുൽ താമസിച്ചിരുന്നത്. അതേസമയം, സൂറത്ത് സെഷൻസ് കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കുറ്റക്കാരനെന്നുള്ള വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.
Most Read: രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്; മേനക ഗാന്ധി