ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പ്രതിരോധ വാക്‌സിന്റെ ഫലം കുറയ്‌ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ, മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോൺ ആദ്യമായി റിപ്പോർട് ചെയ്‌തത്. നവംമ്പർ എട്ടിനാണ് ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ 63 രാജ്യങ്ങളിൽ ഒമൈക്രോൺ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കോവിഡ് ഡെൽറ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും പ്രതിസന്ധി സൃഷ്‌ടിച്ച ബ്രിട്ടണിലും ഒമൈക്രോൺ വളരെ വേഗത്തിൽ പടർന്ന് പിടിക്കുകയാണ്. നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നുപിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
ഒമൈക്രോൺ വകഭേദത്തിന് രോഗലക്ഷണങ്ങൾ കുറവെന്നാണ് വൈറസ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്‌ടർമാരും പറയുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും ഒമൈക്രോൺ ബാധിച്ചവരിൽ ആർക്കും ഗുരുതര ലക്ഷണങ്ങൾ ഇല്ലെന്ന് ഡോക്‌ടർ ഉൻബേൻ പില്ലായ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചകളിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ 30 ശതമാനത്തിന് മാത്രമേ ഗുരുതരമായ രോഗലക്ഷണങ്ങളുള്ളൂ. കോവിഡിന്റെ ആദ്യ തരംഗത്തിൽ നിരക്കിന്റെ പകുതിയിൽ താഴെ മാത്രമാണിതെന്നും ദക്ഷിണാഫ്രിക്കയുടെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് വ്യക്‌തമാക്കുന്നു. ഇന്ത്യയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം, ഒമൈക്രോൺ വകഭേദം കാരണമുണ്ടാകുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബൂസ്‌റ്റർ ഡോസുകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി കുറയ്‌ക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറ് മാസങ്ങൾക്ക് ശേഷം ബൂസ്‌റ്റർ ഡോസുകൾ നൽകുമെന്നാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഒമൈക്രോൺ വ്യാപന സാഹചര്യത്തിൽ ഇത് അഞ്ച് മാസമായി കുറയ്‌ക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
Also Read: മോഫിയയുടെ ആത്‍മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്