സംസ്ഥാനത്ത് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി; പദ്ധതി രാജ്യത്ത് ഇതാദ്യം

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തൃശ്ശൂര്‍: രാജ്യത്താദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സേവനം കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നു. ‘സവാരി’ എന്ന പേരിലാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സംസ്ഥാനത്ത് നിലവില്‍ വരുന്നത്.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐ.ടി.ഐ.) ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. സംരംഭത്തിന്റെ അന്തിമരൂപരേഖ തയ്യാറായതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കളമശ്ശേരി വി.എസ്.ടി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഇതിനായുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. ഐ.ടി.ഐ ആണ് ആദ്യഘട്ടത്തില്‍ പത്ത് കോടി രൂപ നല്‍കുന്നത്.

ധനകാര്യ വകുപ്പിന്റെയും പൊലീസിന്റെയും അംഗീകാരം ലഭിച്ചാലാണ് പദ്ധതിക്ക് തൊഴില്‍ വകുപ്പുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കുക. അതിന് ശേഷം മാത്രമേ ടാക്‌സി സര്‍വീസ് ഔദ്യോഗികമായി നിലവില്‍ വരികയുള്ളൂ.

സംസ്ഥാനത്തെ കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും കാരണമാണ് പദ്ധതി നിലവില്‍ വരാന്‍ കാലതാമസമുണ്ടാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഓണത്തിന് ശേഷം പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ക്ഷേമനിധി ബോര്‍ഡ്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ സേവനം നടപ്പാക്കുക. പിന്നീട് സംസ്ഥാനത്തെ വലുതും ചെറുതുമായ പട്ടണങ്ങളിലേക്കും തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും ‘സവാരി’ പദ്ധതി വ്യാപിപ്പിക്കുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ പറഞ്ഞു.

സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി വന്നതിനെത്തുടര്‍ന്ന് വന്‍ തൊഴില്‍നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് വരുന്നതോടെ ഇത് നികത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്സി കാര്‍, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി നിലവില്‍ വരുന്നത്.

‘സവാരി’ക്കായുള്ള ഓണ്‍ലൈന്‍ സേവനത്തിനുവേണ്ടിയുള്ള ട്രാക്കിങ് ഉപകരണം നിര്‍മ്മിച്ച് നല്‍കുന്നതടക്കം കോള്‍ സെന്റര്‍ സജ്ജീകരിക്കുന്നതും ഉപകരണത്തിന്റെ ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നതും ഐ.ടി.ഐ ആണ്. 11,000 രൂപ വില വരുന്ന ട്രാക്കിംഗ് ഉപകരണം 5500 രൂപയ്ക്ക് നല്‍കും. പദ്ധതിയില്‍ ചേരാന്‍ 200 രൂപയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആണ് ഉണ്ടാവുക.

പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി ഏര്‍പ്പെടുത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ട്രാക്കിംഗ് ഉപകരണത്തില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ അറുപത് ശതമാനം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. കൂടാതെ യാത്രക്കാരനും ഡ്രൈവര്‍ക്കും പരാതി നല്‍കാനുള്ള സംവിധാനങ്ങളും ഈ സേവനത്തോടൊപ്പം ഉണ്ടാകും. സംസ്ഥാനത്തെ ഏതുകോണിലും 24 മണിക്കൂര്‍ സേവനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ സവാരി ഗതാഗത സംവിധാനത്തില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE