ബോവിക്കാനം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ മലയോര മേഖലയിൽ കൃഷിനാശത്തിന് കാരണമായ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള വനം വകുപ്പിന്റെയും നാട്ടുകാരുടെയും നടപടികൾ പുരോഗമിക്കുന്നു. ‘ഓപ്പറേഷൻ ഗജ‘ എന്ന് പേരിട്ട ദൗത്യം അഞ്ച് ദിവസം പിന്നിടുമ്പോൾ എല്ലാവരും പ്രതീക്ഷയിലാണ്.
മുളിയാർ ചമ്പിലാംകൈ മേഖലയിൽ നാശം വിതച്ചിരുന്ന ആനക്കൂട്ടത്തെ ഓടിച്ചു പാണ്ടി വനത്തിൽ എത്തിക്കാൻ കഴിഞ്ഞതോടെ പ്രതീക്ഷകൾ സജീവമാണ്. പുലിപ്പറമ്പ് അതിർത്തിയിൽ തകർന്നു കിടക്കുന്ന സൗരോർജ വേലി നന്നാക്കാത്തത് ആനകൾ വീണ്ടും തിരിച്ചെത്താൻ ഇടയാക്കും എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇത് നന്നാക്കാൻ ടെൻഡർ വിളിച്ചുവെന്ന് വനംവകുപ്പ് അറിയിച്ചു.
7 ആനകൾ അടങ്ങിയ കൂട്ടത്തെയാണ് പത്ത് കിലോമീറ്ററോളം ഓടിച്ച് പാണ്ടി വനത്തിലേക്ക് കയറ്റിയത്. മറ്റൊരു കൂട്ടത്തെ ഓടിച്ച് പുലിപ്പറമ്പ് അതിർത്തി വരെ എത്തിച്ചെങ്കിലും ശനിയാഴ്‌ച രാത്രിയോടെ അവ തിരിച്ചെത്തി. കാസർഗോഡിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വനപാലകരെ കൂടി ഉൾപ്പെടുത്തിയാണ് ദൗത്യം ആരംഭിച്ചത്. നവംബർ 25 തുടങ്ങിയ ദൗത്യം അഞ്ച് ദിവസം പിന്നിടുന്നു.
ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാർ, അസിസ്‌റ്റന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡികെ വർമ എന്നിവർ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താൻ എത്തി. അസിസ്‌റ്റന്റ് കൺസർവേറ്റർ വി രാജനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആനകളെ സംരക്ഷിത വനത്തിലേക്കു കയറ്റാൻ 21 ദിവസത്തെ കർമ പദ്ധതിയാണ് വനംവകുപ്പ് തയ്യാറാക്കിയത്.
Read Also: ‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു