കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം:  കേരളത്തിലെ കോവിഡ് കണക്കുകൾ ഉയരുമ്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്ത്. രോഗബാധ കൂടുമ്പോഴും കോൺഗ്രസും ബിജെപിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സമര രംഗത്ത് തുടരുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

‘ആള്‍ക്കൂട്ടം ഒഴിവാക്കലാണ് പ്രധാനം. അത് മുഖവിലക്ക് എടുക്കാതെയാണ് അക്രമാസക്തമായ സമരം സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പത്തില്‍ പടരാന്‍ ഇത്തരം സമരങ്ങൾ അവസരം ഒരുക്കുന്നു. സമരം നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കോവിഡ് ബാധിതരാകുന്നു. ഇത് നിര്‍ഭാഗ്യകരമാണ്. സമരം തടയാന്‍ നിയുക്തരായ പൊലീസുകാരില്‍ 101 പേര്‍ കോവിഡ് ബാധിതരായി. 71 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിപിഒമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 171 പേര്‍ നിരീക്ഷണത്തിലുണ്ട്.

സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നത് മൂലം നിരവധി പൊലീസുകാര്‍ ക്വാറന്റീനിലാവും. കോവിഡിനെതിരെ പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരിന് ഇത് തടസമാവുന്നു. കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അക്ഷീണം പ്രവര്‍ത്തിക്കുന്നത് പൊലീസാണ്. പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തണോയെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. ജീവനേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണം.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. പ്രതിഷേധക്കാര്‍ സമൂഹത്തെ അപകടപ്പെടുത്തുന്നതില്‍ നിന്ന് പിന്മാറണം. മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്? അക്രമം നടത്തിയാലേ മാദ്ധ്യമശ്രദ്ധ കിട്ടൂവെന്ന ധാരണ മാറിയാല്‍ ഈ പ്രശ്‌നം ഒഴിവാകും. എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കണം. ജാഗ്രത വിട്ടുവീഴ്‌ചയില്ലാതെ നടപ്പിലാക്കണം.’ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also: കൊറോണ വീട്ടുപടിക്കലെത്തി, അതീവ ജാഗ്രത വേണം; മുരളി തുമ്മാരുകുടി

സ്വര്‍ണക്കടത്ത് കേസില്‍ ആരംഭിച്ച സമര പരമ്പരകള്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സമരമുഖത്ത് പാലിക്കേണ്ട മര്യാദകളിലും വലിയ മാറ്റങ്ങളാണ് പ്രതിപക്ഷം വരുത്തിയിരിക്കുന്നത്. തുടക്കത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തിയ സമരങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പിന്നീട് വന്‍ ജനക്കൂട്ടത്തെ അഴിച്ചു വിട്ടുള്ള സമരാഭാസങ്ങളാണ് നടത്തിയതെന്ന് പറയാതെ വയ്യ. മനപ്പൂര്‍വം രോഗം പടര്‍ത്തുന്നവരാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ട അവസ്ഥയാണ്. ഭരണകൂടത്തെയും ഭരണ സംവിധാനങ്ങളെയും സമ്പൂര്‍ണ്ണമായും അപകടപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് പ്രതിപക്ഷം പെരുമാറുന്നത്.

ഒരു നാട് മുഴുവന്‍ രോഗത്തിന് എതിരെ പോരാടാന്‍ ഇറങ്ങുമ്പോഴും അവരുടെ മുഴുവന്‍ ആത്മവിശ്വാസവും തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഒരു ക്രിയാത്മക പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല. കോവിഡ് കണക്കുകള്‍ വലിയ രീതിയില്‍ വര്‍ദ്ധിക്കുമ്പോള്‍ , സാധാരണക്കാരന്‍ സ്വജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആയാസപ്പെടുമ്പോള്‍ അതിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷമായാലും ഭരണപക്ഷമായാലും മാപ്പര്‍ഹിക്കുന്നില്ല.

Read Also: കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE