കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ അറസ്‌റ്റിൽ. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി നായർ, ജെയ്‌സൺ എന്നിവരാണ് അറസ്‌റ്റിലായത്.
പണിമുടക്ക് ദിവസവും ജോലിക്ക് എത്തിയതിനാണ് മനോജിനെ മർദ്ദിച്ചത് എന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ തന്നെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. പിന്നീട് ഒരു പോലീസ് ഉദ്യോഗസ്‌ഥനെ മനോജിന് സുരക്ഷക്കായി നിയോഗിച്ചു. ഉച്ചയോടെ സമരക്കാർ വീണ്ടുമെത്തി മനോജിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ കോതമംഗലം പോലീസ് കേസെടുത്തു. മർദ്ദനത്തിനിടെ പരിക്കേറ്റ നാട്ടുകാരായ മൂന്ന് പേരും ആശുപത്രിയിൽ ചികിൽസ തേടി.
Most Read: കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി; അനുമതി നിഷേധിച്ച് ഗവർണർ