ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്‌ച വൈകീട്ടോടെ നടന്ന ഫോൺ സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്നാണ് വിവരം.
ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇരുവരും സംഭാഷണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നെന്ന് സംഭാഷണത്തിനിടെ മോദി ട്രംപിനോട് പറഞ്ഞു. ഫോൺ സംഭാഷണം നടത്തിയ കാര്യം പ്രധാനമന്ത്രി എക്‌സിൽ കുറിപ്പും പങ്കുവെച്ചു.
”എന്റെ സുഹൃത്ത് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി ഞങ്ങൾ അവലോകനം ചെയ്‌തു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്‌തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്. പശ്‌ചിമേഷ്യയിലെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്‌തു”- മോദി എക്‌സിൽ കുറിച്ചു.
പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയും സമാധാന ചർച്ച ആരംഭിക്കുകയും ചെയ്‌ത ശേഷം ട്രംപും മോദിയും തമ്മിൽ നടക്കുന്ന ആദ്യത്തെയും ഈവർഷം നടത്തിയ മൂന്നാമത്തെയും സംഭാഷണമാണിത്.
അതേസമയം, യുഎസും ഇറാനും തമ്മിൽ പുതിയ റൗണ്ട് ചർച്ചകൾ നടക്കുമെന്നാണ് സൂചന. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ വഴിമുട്ടിയതോടെയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് സാധ്യത തെളിയുന്നത്. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ആഴ്‌ച അവസാനം ചർച്ചകൾ നടന്നേക്കുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ചർച്ച വ്യാഴാഴ്‌ച നടന്നേക്കുമെന്ന് സൂചനയുണ്ടെങ്കിലും സമയവും സ്‌ഥലവും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഇസ്‌ലാമാബാദ് അല്ലെങ്കിൽ ജനീവ എന്നിവയാണ് പരിഗണനയിലുള്ള പ്രധാന വേദികൾ.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































