നെൻമാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെൻമാറ ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ പ്രതിഷേധം. മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓഫിസിന് പുറത്ത് റോഡിൽ മൃതദേഹം കിടത്തി അവിടെ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കാട്ടുപന്നിയുടെ ശല്യം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകനായ അയിലൂർ ഒലിപ്പാറ സ്വദേശി മാണിയാണ് (75) മരിച്ചത്. രാവിലെ ടാപ്പിങ്ങിന് പോയപ്പോൾ കർഷകനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികൾ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എംപിയാണ് പ്രതിഷേധ സമരം ഉൽഘാടനം ചെയ്‌തത്.
ഇനി ഒരു രക്‌തസാക്ഷി കൂടി ഉണ്ടാകരുത് അതിനായി കാട്ടുപന്നികളുടെ ശല്യം തടയാൻ നടപടി വേണം എന്നായിരുന്നു ഇവരുടെ ആവശ്യം. പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമാണെന്നാണ് നാട്ടുകാരുടെ പരാതി. ഇടയ്‌ക്ക് റബർ തോട്ടങ്ങളിലും മറ്റും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുന്നതിനുള്ള നിയമം നിലവിൽ ഉണ്ടായിട്ടും അതിനുള്ള നിയമനടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
Also Read: സാരി നിർബന്ധമല്ല; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്