ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനു പിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു രംഗത്ത് വന്നിരുന്നു.
മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്‌ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ അഭിപ്രായം രേഖപ്പെടുത്തിയാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് അറിയിച്ച ഇദ്ദേഹം, മുഖ്യമന്ത്രി സ്‌ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിടാമെന്ന ആവശ്യമാണ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍ വൈകാതെ തന്നെ ചന്നി മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും മൂന്ന് മാസം കൊണ്ടുതന്നെ കോണ്‍ഗ്രസിന് മേലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ഒരു പരിധി വരെ മറികടക്കുകയും ചെയ്‌തു. ഇതോടെയാണ് ചന്നിയെ തന്നെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാക്കാമെന്ന തീരുമാനം നേതൃത്വം സ്വീകരിക്കുന്നത്. രണ്ട് സീറ്റുകള്‍ ഛന്നിക്ക് മുന്നില്‍ വച്ചതോടെ സിദ്ദു രണ്ട് ദിവസമായി പ്രചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതേസമയം, പഞ്ചാബില്‍ ഈയാഴ്‌ച തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത. ഫെബ്രുവരി 20ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.
Read Also: എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ ശനിയാഴ്‌ച പുറത്തിറങ്ങും