ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ

By Desk Reporter, Malabar News
rahul gandhi
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിക്ക് നീതി തേടി പ്രതിഷേധം വ്യാപകമാകുന്നതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ന് രാവിലെയാണ് അദ്ദേഹം പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്. ” ഞാൻ ആ കുടുംബത്തോട് സംസാരിച്ചു. അവർക്ക് നീതി വേണം. അവർക്ക് നീതി കിട്ടുന്നില്ലെന്നും സഹായം വേണമെന്നും ആ കുടുംബം പറഞ്ഞു. അവർക്ക് നീതി കിട്ടുന്നതുവരെ ഞാൻ അവർക്കൊപ്പം നിൽക്കും,”- രാഹുൽ ഗാന്ധി പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. “ദളിതരുടെ മകള്‍ ഇന്ത്യയുടെ മകള്‍ കൂടിയാണ്,”-എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്‌തത്‌.

അതേസമയം, സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. മകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാൻ പോലീസ് ഇടപെട്ടില്ലെന്ന് അമ്മ പറഞ്ഞു. പോലീസിനോട് ചിതയിൽ വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെയ്‌തില്ല. ചിത കെടുത്താൻ ശ്രമിച്ച നാട്ടുകാരെയും പോലീസ് തടഞ്ഞെന്നും അമ്മ പറഞ്ഞു.

ഞായറാഴ്‌ച വൈകിട്ടാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം ഡെൽഹിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്‌മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരിയാണ് ക്രൂരമായ ബലാൽസംഗത്തിന് ഇരയായത്. വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്‌മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്‌മശാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.

കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പോലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്‌റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്‌ടിക്കപ്പെടുമെന്നും പൂജാരി ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്‌മശാനത്തിലേക്ക് എത്തുമ്പോഴേക്കും മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു.

അടുത്ത ദിവസം പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി പ്രതിഷേധിച്ചു.

പ്രതിഷേധം ശക്‌തമായതോടെ പൂജാരിയേയും നാല് പേരെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട് നൽകാൻ ഡെൽഹി വനിതാ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു.. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ഇപ്പോഴും ശക്‌തമായ പ്രതിഷേധം തുടരുകയാണ്.

Most Read:  വിവാഹ വാഗ്‌ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE