മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്ക് ആണ് പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റിയിരിക്കുന്നത്. പത്താം ക്ളാസുകാരനായ പ്രതിയുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടലുകളും ഇന്റർനെറ്റ് ഉപയോഗങ്ങളും വിദഗ്‌ധരുടെ സഹായത്തോടെ പോലീസ് പരിശോധിക്കും.
ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണ് 21 വയസുള്ള വിദ്യാർഥിനിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയിലായത്. വൈദ്യ പരിശോധനക്ക് ശേഷം ഇന്നലെ രാത്രിയായിരുന്നു പത്താം ക്ളാസുകാരനെ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.
കോളജിലേക്ക് പോവുന്നതിനിടെ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്‍ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്‌തതെന്ന് മലപ്പുറം എസ്‌പി വ്യക്‌തമാക്കിയിരുന്നു. പീഡനം തന്നെയായിരുന്നു ഉദ്ദേശം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തിരുന്നു.
Also Read: ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി