‘ബിഗ് ബി’ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഭീഷ്‌മ പർവ്വം’ വീക്കെന്‍ഡ് കളക്ഷനിൽ റെക്കോർഡിട്ട് പ്രദർശനം തുടരുന്നു. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് ‘ഭീഷ്‌മ പര്‍വ്വം’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട് ചെയ്യുന്നു.
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ‘ലൂസിഫറാ’യിരുന്നു ഏറ്റവും കൂടുതല്‍ വീക്കെന്‍ഡ് കളക്ഷന്‍ നേടിയ മലയാള ചിത്രം. ഇപ്പോഴിതാ 20 കോടി നേടിയ ‘ലൂസിഫറി’ന്റെ റെക്കോര്‍ഡാണ് ‘ഭീഷ്‌മ പര്‍വ്വം’ മറി കടന്നത്. കേരളത്തില്‍ നിന്നും മാത്രം 5.25 കോടിയാണ് ‘ഭീഷ്‌മ പര്‍വ്വ’ത്തിന്റെ കളക്ഷന്‍. ഇതോടെ ‘ബാഹുബലി ദി കണ്‍ക്ളൂഷന്റെ’ റെക്കോര്‍ഡും തകർന്നു.
ശനിയാഴ്‌ച 5.80 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. വെള്ളിയാഴ്‌ച 5.80 കോടിയും ആദ്യ ദിനം 6.70 കോടിയും ‘ഭീഷ്‌മ പര്‍വ്വം’ നേടി. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.
അമല്‍ നീരദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങിയത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
Most Read: സ്‌ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്