വാഷിങ്‌ടൺ: യുക്രെയ്‌നിൽ അധിനിവേശം നടത്താനുള്ള സജ്‌ജീകരണങ്ങളെല്ലാം റഷ്യ പൂർത്തിയാക്കിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്. വരുന്ന ആഴ്‌ചകളിൽ തന്നെ യുക്രെയ്‌ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡണ്ട് നിർദ്ദേശം നൽകിയേക്കുമെന്ന ആശങ്ക ശക്‌തമാകുന്നതിനിടെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
തന്ത്രപ്രധാനമായ ആണവ സേനയുടെ അഭ്യാസം സാധാരണ ശീതകാല അവസാനത്തോടെയാണ് നടത്തുന്നത്. എന്നാൽ, ഈ മാസം പകുതിയോടെ ആരംഭിക്കുന്നത് അധിനിവേശ സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചർച്ചകളിലൂടെയേ പ്രശ്‌ന പരിഹാരം സാധ്യമാകൂ എന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
യുക്രെയ്‌നിൽ നേരിട്ട് ഇടപെടില്ലെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയൽ രാജ്യങ്ങളിൽ യുഎസ് സേനാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. യുക്രെയ്‌ൻ നാറ്റോ അംഗമല്ലെങ്കിലും യുഎസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്. യുക്രെയ്‌ൻ അതിർത്തിയിൽ യുദ്ധസന്നദ്ധരായി റഷ്യയുടെ 750- 1000 സൈനികർ വീതമുള്ള 85 ബറ്റാലിയൻ നിലയുറപ്പിച്ചിട്ടുണ്ട്. മറ്റ് 14 തന്ത്രപ്രധാന ബറ്റാലിയനുകൾ മറ്റിടങ്ങളിലും സജ്‌ജമാണ്. യുക്രെയ്‌നിൽ പൂർണ അധിനിവേശത്തിന് ശ്രമിക്കാതെ ഭാഗിക ഇടപെടലിനുള്ള റഷ്യൻ സാധ്യതയാണ് യുഎസ് കാണുന്നത്.
അതേസമയം, അധിനിവേശം സംബന്ധിച്ച വാർത്തകൾ റഷ്യ തള്ളി. ആക്രമണവുമായി റഷ്യ മുന്നോട്ടുപോകുകയാണെങ്കിൽ 50,000 പേർക്ക് ജീവൻ നഷ്‌ടമാകുമെന്നാണ് കണക്കാക്കുന്നത്. യുക്രെയ്‌ൻ തലസ്‌ഥാനമായ കിവീവ് ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുക്കുമെന്നും ആയിരങ്ങൾ പലായനം ചെയ്യേണ്ടിവരുമെന്നുമാണ് നിഗമനം. ഇത് യൂറോപ്പിലെ അഭയാർഥി പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുമെന്നും യുഎസ് റിപ്പോർട്ടിൽ പറയുന്നു.
Also Read: ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും