എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനം. സുനി അമ്മ ശോഭനക്ക് അയച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളടങ്ങുന്ന കത്ത് പുറത്തു വന്നതോടെയാണ് ഇപ്പോൾ രഹസ്യ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്നാണ് ശോഭന വ്യക്‌തമാക്കുന്നത്.
കേസിലെ പ്രതിയായ നടൻ ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്‌തതെന്ന് മകൻ തന്നോട് പറഞ്ഞതായും ശോഭന പറഞ്ഞു. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി ശോഭന കൂട്ടിച്ചേർത്തു.
അതേസമയം ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. എന്നാൽ കോടതിയിൽ പ്രോസിക്യൂഷൻ ശക്‌തമായ വാദങ്ങളുമായി ജാമ്യത്തെ എതിർക്കാനാണ് സാധ്യത. സംവിധായകൻ ബാലചന്ദ്ര കുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ നിരത്തിയായിരിക്കും പ്രോസിക്യൂഷൻ ജാമ്യഹരജിയെ എതിർക്കുക.
Read also: കോവിഡ് വ്യാപനം; കണ്ണൂരിൽ മുൻകരുതൽ നടപടികൾ തുടങ്ങി