കണ്ണൂർ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ മുപ്പത് ശതമാനം കിടക്കകൾ കോവിഡ് ചികിൽസയ്‌ക്കായി മാറ്റിവെക്കണമെന്ന് സമിതി യോഗം നിർദ്ദേശിച്ചു. മുൻകരുതൽ എന്ന നിലക്കാണ് നടപടി.
നിയന്ത്രണങ്ങളുടെ ഭാഗമായി സെക്‌ടർ മജിസ്‌ട്രേറ്റ് സംവിധാനം ജില്ലയിൽ ശക്‌തിപ്പെടുത്തും. പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇക്കാര്യം 15ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം പ്രത്യേകം ചർച്ച ചെയ്യും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധികമായി വേണ്ടവരെ ജില്ലാ ദുരന്തനിവാരണ സമിതി വഴി നിയമിക്കും.
ഇത് സംബന്ധിച്ച് എച്ച്‌ആർ പ്ളാൻ തയ്യാറാക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ജാഗ്രതാ നിർദ്ദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ നാരായണ നായ്‌ക് അറിയിച്ചു. ജില്ലയിൽ ആവശ്യത്തിന് വാക്‌സിൻ കരുതൽ ശേഖരം ഉള്ളതായും, ഇന്ന് മുതൽ സ്‌പോട് ബൂസ്‌റ്റർ വാക്‌സിനേഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: കോവിഡ് രൂക്ഷമാകുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി