ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ശനിയാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നിരോധിത സംഘടനകളായ ലഷ്‌കറുമായും ടിആർഎഫുമായും ബന്ധമുണ്ടെന്ന് കശ്‌മീർ പോലീസ് അറിയിച്ചു.
കൃത്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സൈന്യവും സിആർപിഎഫും ചേർന്ന് പോലീസ് സഹായത്തോടെ കിർബാലിൽ നടത്തിയ തിരച്ചിലിന്റെ ഫലമായാണ് ഭീകരരെ കണ്ടെത്തിയത്. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.
ലഷ്‌കറിന്റെയും ടിആർഎഫിന്റെയും പ്രവർത്തകരായ രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്‌ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ തിരച്ചിലിൽ കണ്ടെടുത്തിട്ടുണ്ട്; പോലീസ് വക്‌താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദികളെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ജനുവരി മാസത്തിൽ ഇതുവരെ 16 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇതിൽ ഏഴ് പേർ വിദേശ പൗരൻമാരാണ്.
Read Also: കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ല; അന്തിമ റിപ്പോർട്