കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം അനിതയെ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിടുതൽ ചെയ്‌ത് പ്രിൻസിപ്പൽ ഡോ. എൻ അശോകൻ ഉത്തരവിട്ടു.
അനിതയെ സ്‌ഥലം മാറ്റിയ ഉത്തരവ് ഈ മാസം 28ന് ഡിഎംഇയിൽ നിന്ന് ഇറങ്ങിയെങ്കിലും ഇന്നലെയാണ് പ്രിൻസിപ്പൽ ഓഫീസിൽ എത്തിയത്. വകുപ്പുതല നടപടിയുടെ ഭാഗമായി ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ ജില്ല വിട്ടു സ്‌ഥലം മാറ്റാനും ശുപാർശയുണ്ട്. ഗസറ്റഡ് ഓഫീസർ തസ്‌തികയിൽ ആയതിനാൽ രണ്ടുപേരുടെയും സ്‌ഥലംമാറ്റ ഉത്തരവ് സർക്കാർ തലത്തിലാണ് ഇറങ്ങുക.
അതിജീവിതയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയ അഞ്ചു ജീവനക്കാരെ കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലേക്ക് കഴിഞ്ഞ ദിവസം സ്‌ഥലം മാറ്റിയിരുന്നു. അനിതയുടെ നിരുത്തരവാദപരമായ സമീപനവും ഏകോപനം ഇല്ലായ്‌മയുമാണ് മൊഴിമാറ്റാനായി അതിജീവിതയെ ഭീഷണിപ്പെടുത്താൻ കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്. ഇത് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ നടപടി സ്വീകരിച്ചത്.
അഞ്ചുപേരെ സ്‌ഥലം മാറ്റിയതിൽ പ്രതികാര നടപടിയുമായി ഭരണ കക്ഷി സർവീസ് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് അനിതയെ സ്‌ഥലം മാറ്റിയതെന്നാണ് ആരോപണം. അതേസമയം, നഴ്‌സിങ് ഓഫീസറെ നിയമ വിരുദ്ധമായി സ്‌ഥലം മാറ്റിയതിനെതിരെ മെഡിക്കൽ കോളേജിലും വേണ്ടിവന്നാൽ ഡിഎംഇ ഓഫീസിനു മുന്നിലും സമരം തുടങ്ങുമെന്ന് അതിജീവിത അറിയിച്ചു.
Most Read| കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി