ഡെൽഹി: സിംഗു, തെക്രി അതിർത്തികൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ചും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു.
‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തി. സിംഗു, തിക്രി അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച ചെയ്‌തു. സംസ്‌ഥാനത്തെ പല സ്‌ഥലങ്ങളിലും നടക്കുന്ന കർഷകരുടെ പ്രതിഷേധങ്ങളെ കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ അതിർത്തികൾ ഉടൻ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി ഖട്ടാർ പറഞ്ഞു. സിംഗു അതിർത്തിയിലേക്കുള്ള വഴി തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം തന്നെ സന്ദർശിച്ചതായും ഖട്ടാർ അറിയിച്ചു.
‘സോണിപത് ജില്ലയുടെ സിംഗു അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം എന്നെ കാണുകയും സിംഗു അതിർത്തിയിലേക്കുള്ള വഴി തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. സുപ്രീം കോടതിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ,’ മുഖ്യമന്ത്രി വ്യക്‌തമാക്കി. കർഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് എതിരല്ലെന്നും ഖട്ടാർ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ അതിർത്തിയിൽ പ്രക്ഷോഭം തുടരുന്നത്. കർഷകർ സിംഗു അതിർത്തി തടഞ്ഞതിനാൽ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കാണിച്ച് ഹരിയാനയിലെ സോണിപത് നിവാസികൾ നേരത്തെ സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.
Most Read: ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു