കരുവാരകുണ്ട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെഎസ്‌ടിയു) സുഹറ പടിപ്പുരയുടെ അനുസ്‌മരണം നടത്തി. കവിതയിലൂടെ കാഴ്‌ചപ്പാടും ആശയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയമായിരുന്ന യുവകവിയും (കവയിത്രി) അധ്യാപികയുമായിരുന്ന സുഹറ, മലപ്പുറം ജില്ലയിലെ ഇരിങ്ങാട്ടിരി സ്വദേശിയായിരുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സോഷ്യല്‍ സയന്‍സ് അധ്യാപികയായി ജോലി നോക്കിയിരുന്നത്.
‘നാട്ടിലെ സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ തിളങ്ങിനിൽക്കേ അകാലത്തിൽ പൊലിഞ്ഞ സുഹറ പടിപ്പുര, കരുവാരകുണ്ടിന്റെ ദുഖമാണ്. നാടിന്റെ കൂട്ടായ്‌മകളിൽ നിറസാന്ന്യധ്യമായിരുന്നു സുഹറ. സാംസ്‌കാരിക-രാഷ്‌ട്രീയ യാഥാർഥ്യങ്ങളെ വിഷയമാക്കി കവിതയിലൂടെ തിൻമകൾക്കെതിരെ വിരൽ ചൂണ്ടിയിരുന്നു. സുഹറയുടെ വിടവാങ്ങൽ നാടിന്റെ വലിയനഷ്‌ടമാണ്‘ -കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ പ്രാദേശിക ഘടകം സംഘടിപ്പിച്ച അനുസ്‌മരണ യോഗം ഉൽഘാടനം ചെയ്‌തുകൊണ്ട് യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
വിടപറയുമ്പോൾ സുഹറക്ക് 40 വയസായിരുന്നു. ഇവർ രണ്ട് കവിതാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. ഇനി കനല്‍പക്ഷികള്‍ പാടട്ടെ, ഇന്ത്യ എന്റെ രാജ്യമാണ് എന്നിവയായിരുന്നു കവിതാ സമാഹാരങ്ങള്‍.
സാമൂഹിക ദൗത്യമായ ‘കോവിഡ് വാർറൂം‘ ചുമതലയിലിരിക്കെയാണ് കോവിഡ് രോഗം ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവേയാണ് ജൂൺ 14ന് സുഹറ വിടവാങ്ങിയത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എംഎൻ കുറുപ്പ് കാവ്യപുരസ്‌കാരം, വിദ്യാരംഗം കലാസാഹിത്യവേദി കവിതാ അവാർഡ്, മാർതോമാ സ്‌കൂൾ ടീച്ചേഴ്‌സ് നവതി പുരസ്‌കാരം തുടങ്ങിയവ നേടിയിരുന്നു.
സുഹറ അധ്യാപികയായിരുന്ന സ്‌കൂളിലെ തന്നെ അധ്യാപകന്‍ ഇരിങ്ങാട്ടിരി പടിപ്പുരയിൽ അബ്‌ദുൽ ഷുക്കൂര്‍ മാസ്‌റ്ററായിരുന്നു ജീവിതപങ്കാളി. ഹിബ എന്നാണ് ഇവരുടെ മകളുടെ പേര്. അനുസ്‌മരണ യോഗത്തിൽ കെഎസ്‌ടിയു വണ്ടൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ശംസുദ്ധീൻ എഎം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി മുസ്‌തഫ അബ്‌ദുലതീഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എം മുഹമ്മദലി, ഡോ അനസ് കെ, നിസാർ തങ്ങൾ, എംടി അലി നൗഷാദ്, ജംഷീർ എകെ, ബദ്റുദുജ ഹുദവി എന്നിവർ നന്ദിയും പറഞ്ഞു.
Most Read: ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ