വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്‌ഥാനാർഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ് വിഭാഗങ്ങള്‍ എന്നിവർ ഒറ്റക്കും കൂട്ടായും നടത്തുന്ന പരിശോധനയില്‍ ഇതുവരെ മതിയായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വന്ന 29,63,400 ലക്ഷം രൂപയും 1,22,900 വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്നുകളും പിടിച്ചെടുത്തിരുന്നു.
എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുളള ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍ 15,43,400 രൂപയും പോലീസ് 14,20,000 രൂപയുമാണ് പരിശോധനകളില്‍ കണ്ടെത്തിയത്. എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1,22,900 രൂപയും പോലീസ് 12,220 രൂപയും വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്നുകള്‍ മുതലായവയും പിടിച്ചെടുത്തു.
നിരീക്ഷണത്തിനായി ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്‌ളയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തികളില്‍ സ്‌ക്വാഡിന് കീഴിലുളള സ്‌റ്റാറ്റിക് സര്‍വൈലന്‍സ് സംഘവും പരിശോധന നടത്തുന്നുണ്ട്.
പരിശോധനകളെല്ലാം വീഡിയോയില്‍ പകര്‍ത്തും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുകയുമാണ് ഫ്‌ളയിങ് സ്‌ക്വാഡിന്റെ ലക്ഷ്യം
Also Read: മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ