കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുന്നത് ദുഷ്‌ടജന സമ്പർക്കം കൂടിയതു കൊണ്ടാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
സ്വർണ്ണ കള്ളക്കടത്തുകാരെയും ഡോളർ കടത്തുകാരേയും മാഫിയാ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുത്തി അദേഹം ഭരണം കൊണ്ടുപോയപ്പോൾ ഇ ശ്രീധരനെ പോലെയുള്ള ആളുകൾ നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. അതുകൊണ്ടാണ് ഇ ശ്രീധരനെ കാണുമ്പോൾ മുഖമന്ത്രിക്ക് കലി വരുന്നതും കള്ളക്കടത്തുകാരേയും ഡോളർ കടത്തുകാരേയും അഴിമതിക്കാരേയും കാണുമ്പോൾ അനുഭാവം തോന്നുന്നതും; സുരേന്ദ്രൻ പറഞ്ഞു.
ഇ ശ്രീധരനെതിരെ ശക്‌തമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിമർശനം ഉന്നയിച്ചത്. ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം കാണിക്കും. അതുകൊണ്ട് തന്നെ എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്‌ഥയിലേക്ക് ഇ ശ്രീധരനും എത്തിയിട്ടുണ്ടാകും. മറുപടി അർഹിക്കാത്ത തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നു കൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.
Read also: ശ്വാസതടസം; പ്രസവാനന്തരം വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു