ആന ഉൾവനത്തിൽ, ഇന്നും പിടികൂടാനായില്ല; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

ആനയെ ഇന്നും പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ചൊവ്വാഴ്‌ച വയനാട് ജില്ലയിൽ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

By Trainee Reporter, Malabar News
wayanad local protest in elephant attack
നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തടയുന്നു
Ajwa Travels

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ പിടികൂടാനുള്ള ഇന്നത്തെ ഓപ്പറേഷൻ അവസാനിപ്പിച്ച് ദൗത്യസേന. ഏറെ നേരം ബാവലിയിൽ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉൾവനത്തിലേക്ക് പോയി. ഇതോടെ തിരച്ചിൽ നിർത്തിയ വനപാലകർ വൈകിട്ട് അഞ്ചരയോടെ വനത്തിൽ നിന്നും പുറത്തുവന്നു.

അതേസമയം, ആളെക്കൊല്ലി ആനയെ രണ്ടു ദിവസമായിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. വനത്തിൽ നിന്ന് പുറത്തുവന്ന ദൗത്യസേനയെ നാട്ടുകാർ തടഞ്ഞുവെച്ചു. വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്‌ഥരെയാണ് മണ്ണുണ്ടി കോളനിയിൽ നാട്ടുകാർ തടഞ്ഞുവെച്ചത്. രാത്രിയിൽ ആനയിറങ്ങി ആളുകളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകാൻ സാധിക്കുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

അതേസമയം, ഇന്ന് പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ആനയെ വെടിവെക്കാനുള്ള സാഹചര്യം ഉണ്ടായില്ലെന്നും, ഇരുട്ടായതോടെ ദൗത്യം അവസാനിപ്പിക്കുക ആയിരുന്നുവെന്നും ഉദ്യോഗസ്‌ഥർ നാട്ടുകാരോട് പറഞ്ഞു. കൂടാതെ, ആന നിരന്തരം സഞ്ചരിക്കുന്നത് പ്രതിസന്ധിയായെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. കർണാടക അതിർത്തിയായ ബാവലിയോട് ചേർന്നുള്ള സ്‌ഥലത്തായിരുന്നു ആനക്കായി ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിയത്.

ഇതിനിടെ റേഡിയോ കോളറിലെ സിഗ്‌നൽ ഉപയോഗിച്ച് ആന എവിടെയാണെന്ന് തിരിച്ചറിയാൻ സാധിച്ചു. എന്നാൽ, ഉൾവനത്തിൽ ആയതിനാൽ വെടിവെക്കാനായില്ല. ഉച്ചയോടെ വെടിവെക്കാൻ സാഹചര്യത്തിൽ എത്തിയെങ്കിലും കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആന അവിടെ നിന്ന് പോവുകയായിരുന്നു. ആനയെ വെടിവെക്കുന്നതിന് മുന്നോടിയായി മൈസൂർ റോഡിൽ അൽപ്പനേരം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

അതിനിടെ, ദൗത്യം നീണ്ടതോടെ വനംവകുപ്പിനെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വയനാട് ഡിഎഫ്ഒ ഉൾപ്പടെ ഉള്ളവരെ ബാവലി ഫോറസ്‌റ്റ് ചെക്ക്പോസ്‌റ്റിൽ ഉപരോധിച്ചു. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽവിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) കൊല്ലപ്പെട്ടിരുന്നു.

രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ദയിലായിരുന്നു സംഭവം. രാവിലെ പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു അജി ആനയുടെ മുമ്പിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്ത് കടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. അതിനിടെ, ആനയെ ഇന്നും പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ചൊവ്വാഴ്‌ച വയനാട് ജില്ലയിൽ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

Most Read| ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; അധ്യാപികയോട് 13ന് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE