തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നും, തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യിൽ പറയുന്നു. നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിലാണ് അതിരൂപതയുടെ രൂക്ഷ വിമർശനം വന്നിരിക്കുന്നത്.
മണിപ്പൂരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ‘ആണുങ്ങൾ’ ഉണ്ടെന്ന സുരേഷ് ഗോപി നടത്തിയ പ്രസ്‌താവനക്ക് എതിരെയും ലേഖനത്തിൽ പ്രത്യേക പരാമർശമുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹകാരി സംരക്ഷണ പദയാത്രയുടെ തൃശൂരിലെ സമാപനത്തിലായിരുന്നു മണിപ്പൂരുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ വിവാദ പ്രസ്‌താവന.
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നു. ഇത് പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടൊ ചോദിക്കാൻ ആണത്തമുണ്ടോയെന്നാണ് ജനം തിരിച്ചു ചോദിക്കുന്നതെന്നും അതിരൂപത തിരിച്ചടിച്ചു. അതല്ല, ഞങ്ങൾ മണിപ്പൂർ ആവർത്തിക്കുമെന്നും ഇവിടെയും വോട്ട് ചെയ്‌ത് ഞങ്ങളെ ജയിപ്പിക്കുക, ഭരണം കിട്ടിയാൽ മണിപ്പൂരാക്കി തരാം എന്നതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്.
മണിപ്പൂരിലെ സർക്കാരിന്റെ നിഷ്‌ക്രിയത്വം അക്രമകാരികൾക്കുള്ള ലൈസൻസ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റുന്നതല്ല. അതിനാൽ, മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും തൃശൂർ അതിരൂപത മുന്നറിയിപ്പ് നൽകുന്നു.
മണിപ്പൂർ കലാപത്തെ ഫലപ്രദമായി തടയാൻ കേന്ദ്രത്തിലെ ആണുങ്ങൾക്ക് സാധിച്ചില്ല എന്നത് ലോകജനത തിരിച്ചറിഞ്ഞതാണ്. യൂറോപ്യൻ പാർലമെന്റ് വരെ ഇക്കാര്യത്തിൽ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി. മണിപ്പൂരിൽ കലാപത്തിന് കോപ്പുകൂട്ടുന്നത് അറിയാഞ്ഞിട്ടല്ല, തടയാൻ കേന്ദ്രത്തിലും സംസ്‌ഥാനത്തും ഭരണം നടത്തുന്ന ബിജെപിക്ക് മനസുണ്ടായില്ലെന്നാണ് ബോധ്യമാവുന്നതെന്നും അതിരൂപത പറയുന്നു.
മറ്റു സംസ്‌ഥാനങ്ങളിൽ ദുരന്തം ഉണ്ടാകുമ്പോൾ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂരിൽ തിരിഞ്ഞു നോക്കാതിരുന്നതെന്നും ലേഖനത്തിൽ ചോദിക്കുന്നു. സമാധാനം പുനഃസ്‌ഥാപിക്കാൻ ഒരക്ഷരം മിണ്ടിയില്ല. എന്നാൽ, ഓസ്ട്രേലിയയിൽ ക്ഷേത്രം അക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹം ഒന്നിലധികം തവണ ഇടപെട്ടു. സ്വന്തം രാജ്യത്ത് മൂക്കിന് താഴെ മാസങ്ങളോളം കലാപം ആളിക്കത്തിയിട്ട് ഒരു വിഭാഗത്തെ തുടച്ചു നീക്കുന്നത് വരെ അദ്ദേഹം മിണ്ടാതിരുന്നു. മണിപ്പൂരിലെ വംശഹത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണെന്നും അതിരൂപത കുറ്റപ്പെടുത്തി.
Most Read| ‘വെടിനിർത്തൽ അജണ്ടയിലില്ല’, ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം