ഖത്തറിന്റെ നിർണായക ഇടപെടൽ; ബന്ദികളായ രണ്ടു യുഎസ് വനിതകൾക്ക് മോചനം

യുഎസ് പൗരൻമാരായ ജൂഡിത് റാനൻ (59), മകൾ നേറ്റിലെ റാനൻ (18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പിടിച്ചുകൊണ്ടുപോയ ഇരുന്നൂറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ.

By Trainee Reporter, Malabar News
Israel-Palestine
Rep. Image
Ajwa Travels

ഗാസ സിറ്റി: ഗാസയിൽ ബന്ദികളായ രണ്ടു യുഎസ് വനിതകളെ മോചിപ്പിച്ചു ഹമാസ്. യുഎസ് പൗരൻമാരായ ജൂഡിത് റാനൻ (59), മകൾ നേറ്റിലെ റാനൻ (18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പിടിച്ചുകൊണ്ടുപോയ ഇരുന്നൂറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇരുവരും വെള്ളിയാഴ്‌ച രാത്രിയോടെ ഇസ്രയേലിൽ തിരിച്ചെത്തിയതായി ഇസ്രയേൽ സർക്കാർ അറിയിച്ചു.

ഖത്തറിന്റെ മധ്യസ്‌ഥഥയിൽ നടന്ന ചർച്ചയിലാണ് ജൂദിതിന്റെയും മകളുടെയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ബന്ദികളുടെ മോചനത്തിന് ഇസ്രയേലുമായും ഹമാസുമായും തുടർന്നും ചർച്ചകൾ നടത്തുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ മജീദ് അൽ അൻസാരി പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം, ഇരുവരുടെയും ആരോഗ്യസ്‌ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

യുഎസ് വനിതകളുടെ മോചനത്തിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ സന്തോഷം രേഖപ്പെടുത്തി. സ്വതന്ത്രരായതിന് പിന്നാലെ ബൈഡൻ അമ്മയോടും മകളോടും ഫോണിൽ സംസാരിച്ചു. മാനുഷിക പരിഗണന വെച്ചാണ് മോചന തീരുമാനമെന്ന് ഹമാസും അറിയിച്ചു. കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഖത്തറും ഈജിപ്‌തുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണെന്നും ഹമാസ് അറിയിച്ചു. ബൈഡന്റെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞു രണ്ടു ദിവസത്തിന് ശേഷമാണ് അമേരിക്കൻ വനിതകളുടെ മോചനം സാധ്യമായത്.

അതിനിടെ, ഗാസയ്‌ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരും ഉടൻ ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. പലസ്‌തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 400ഓളം ഗുരുതര രോഗികളെയും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. എല്ലാവരും ഉടൻ ഒഴിയണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെട്ടതെന്നും റെഡ് ക്രസന്റ് പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ ദിവസം ഗാസയിലെ ക്രൈസ്‌തവ ദേവാലയത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ അൽ സെയ്‌ടൂണിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രമണം നടത്തിയത്. ക്രൈസ്‌തവ വിശ്വാസികൾക്ക് പുറമെ അഭയാർഥികളായ നിരവധി ഇസ്‌ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. പള്ളിയിൽ അഭയം തേടിയ നിരവധിപ്പേർ കൊല്ലപ്പെട്ടെന്ന് പലസ്‌തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പലസ്‌തീനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ 1500 കുട്ടികളുണ്ട്. 13,000 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഒറ്റദിവസം മാത്രം 659 പേർ കൊല്ലപ്പെട്ടു. ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ പത്ത് ലക്ഷത്തോളം പേർ ഇതിനകം ഭാവനരഹിതരായതായി യുഎൻ അറിയിച്ചു. ഇതിനിടെ, കയ്‌റോയിൽ ഇന്ന് നടക്കുന്ന സമാധാന ഉച്ചകോടിയിൽ മഹ്‌മൂദ്‌ അബ്ബാസിനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും പുറമെ 14 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കും.

Most Read| ‘തോട്ടപ്പണി സമ്പ്രദായം രാജ്യത്തിന് അപമാനം’; കർശന നിദ്ദേശവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE