തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്.
വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ നിലപാട് വ്യക്‌തമാക്കിയതാണ്. സംസ്‌ഥാനത്തുടനീളം പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി പ്രമേയം കൊണ്ടുവരുന്നത്.
അതേസമയം, ഗണപതി വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ബിജെപിയോട് ചോദിച്ചിട്ടാണോ യുഡിഎഫ് നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. കാക്ക കറന്റടിച്ചു ചത്താൽ വരെ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകുന്ന യുഡിഎഫ്, ഗണപതി വിഷയത്തിൽ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം.
സുരേന്ദ്രന് വല്ലതും പറയാൻ ഉണ്ടെങ്കിൽ നിയമസഭയുടെ ഗെയിറ്റിന് പുറത്തുനിന്നു പറയാമെന്നാണ് കേരളത്തിലെ ജനങ്ങൾ പറഞ്ഞിരിക്കുന്നത്. അകത്ത് പറയേണ്ടത് ഞങ്ങൾ തീരുമാനിക്കും. ദയവ് ചെയ്‌ത് സുരേന്ദ്രൻ ഉപദേശിച്ചു കുളമാക്കാൻ വരരുത്. നിയമസഭയിൽ ഈ വിഷയം കൊണ്ടുവരണമെങ്കിൽ സ്‌പീക്കറെ നീക്കം ചെയ്യണമെന്ന നോട്ടീസായാണ് കൊണ്ടുവരേണ്ടത്. അപ്പോഴേ സ്‌പീക്കർക്കെതിരെ പരാമർശം നടത്താൻ സാധിക്കൂ- വിഡി സതീശൻ പറഞ്ഞു.
കേരള സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനിലെ പുതിയ ചെയർപേഴ്‌സണായി കേരള ഹൈക്കോടതി റിട്ട.ചീഫ് ജസ്‌റ്റിസ് എസ് മണികുമാറിന്റെ പേരുമാത്രം നിർദ്ദേശിച്ചതിൽ എതിർപ്പുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Most Read| രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി