വാഷിങ്ടൻ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പലിനെ വെടിവെച്ച് കീഴടക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ് സേന. ഇറാന്റെ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സെൻട്രൽ കമാൻഡ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
ടൗസ്‌ക എന്ന ചരക്കുകപ്പലാണ് പിടിച്ചെടുത്തതെന്നാണ് ട്രംപ് പറഞ്ഞത്. കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്‌ഥിരീകരിച്ച ഇറാൻ, യുഎസിന് ശക്‌തമായ തിരിച്ചടി നൽകുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. അറബിക്കടലിന്റെ വടക്കൻ ഭാഗത്ത് 17 നോട്ടിക്കൽ മൈൽ വേഗതയിൽ ഇറാനിലെ ബന്ദർ അബ്ബാസിലേക്ക് യാത്ര ചെയ്യുകയായിരുന്നു കപ്പൽ.
യുഎസ്എസ് സ്‌പ്രൂവൻസ് എന്ന യുദ്ധക്കപ്പലാണ് ഇറാനിയൻ കപ്പലിന് നേരെ വെടിയുതിർത്ത് കീഴടക്കിയത്. അമേരിക്കൻ സൈന്യം നിരവധി മുന്നറിയിപ്പുകൾ നൽകുകയും ഇറാന്റെ പതാകയുള്ള കപ്പൽ യുഎസ് ഉപരോധം ലംഘിക്കുകയാണെന്ന് അറിയിക്കുകയും ചെയ്‌തതായും സെൻട്രൽ കമാൻഡിന്റെ പ്രസ്‌താവനയിൽ പറയുന്നു.
ആറുമണിക്കൂറോളം തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിട്ടും ടൗസ്‌കയിലെ ജീവനക്കാർ അത് പാലിക്കാത്തതിനെ തുടർന്ന്, എൻജിൻ റൂം ഒഴിയാൻ നിർദ്ദേശിച്ചു. അഞ്ച് ഇഞ്ച് എംകെ 45 ഗൺ ഉപയോഗിച്ച് ടൗസ്‌കയിലെ എൻജിൻ റൂമിലേക്ക് നിരവധി തവണ വെടിയുതിർക്കുകയും കപ്പലിന്റെ പ്രൊപ്പൽഷൻ പ്രവർത്തന രഹിതമാക്കുകയും ചെയ്‌തു.
യുഎസ് മറൈൻ സംഘം പിന്നീട് കപ്പലിലേക്ക് പ്രവേശിക്കുകയും കപ്പൽ കസ്‌റ്റഡിയിൽ ആക്കുകയും ചെയ്‌തു. യുഎസ് മറൈനുകൾ യുഎസ്എസ് ട്രിപ്പോളിയിൽ നിന്ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് അറേബ്യൻ കടലിന് മുകളിലൂടെ സഞ്ചരിച്ച് എംവി. ടൗസ്‌കയിൽ കയറി പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും യുഎസ് സേന പുറത്തുവിട്ടിട്ടുണ്ട്.
നാവിക ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കിയുള്ള 25 കപ്പലുകളെ തടഞ്ഞിട്ടുണ്ടെന്ന് യുഎസ് സൈന്യം അറിയിച്ചു. നാവിക ഉപരോധം നീക്കാതെ യുഎസുമായി ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. ഇതോടെ, ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാനിരുന്ന യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ച അനിശ്‌ചിതത്വത്തിൽ ആയിരിക്കുകയാണ്.
ഇസ്‌ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാക്കിസ്‌ഥാനിലേക്ക് ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































