സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം; പ്രായപരിധി നിശ്‌ചയിക്കണമെന്ന് കർണാടക ഹൈക്കോടതി

ഇന്ന് സ്‌കൂളിൽ പോകുന്ന കുട്ടികൾ വരെ സാമൂഹിക മാദ്ധ്യമങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ എക്‌സൈസ് നിയമം പോലെത്തന്നെ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിനും ഒരു പ്രായപരിധി ഉണ്ടായിരിക്കണം- എന്നായിരുന്നു ജസ്‌റ്റിസ്‌ ജി നരേന്ദറിന്റെ നിരീക്ഷണം.

By Trainee Reporter, Malabar News
karnataka-conversion-of-religion
High Court Of Karnataka

ബെംഗളൂരു: സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്‌ചയിക്കണമെന്ന് കർണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ ഒരു പ്ളാറ്റ്‌ഫോമിൽ രജിസ്‌റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും അത് കൂടുതൽ ഗുണം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ്, സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗത്തിനും നിയമപരമായ പ്രായപരിധി നിശ്‌ചയിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

ജസ്‌റ്റിസ്‌ ജി നരേന്ദർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇന്ന് സ്‌കൂളിൽ പോകുന്ന കുട്ടികൾ വരെ സാമൂഹിക മാദ്ധ്യമങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ എക്‌സൈസ് നിയമം പോലെത്തന്നെ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിനും ഒരു പ്രായപരിധി ഉണ്ടായിരിക്കണം- എന്നായിരുന്നു ജസ്‌റ്റിസ്‌ ജി നരേന്ദറിന്റെ നിരീക്ഷണം.

17,18 വയസ് പ്രായമായ കുട്ടികൾക്ക് ദേശതാൽപര്യത്തിന് അനുകൂലമായതിനെ കുറിച്ചും വിരുദ്ധമായവയെ കുറിച്ചും വേർതിരിച്ചു മനസിലാക്കാനുള്ള പക്വത ഉണ്ടാകുമോയെന്നും കോടതി ചോദിച്ചു. സാമൂഹിക മാദ്ധ്യമങ്ങൾ മാത്രമല്ല, ഇന്റെർനെറ്റിലുള്ള പല കാര്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.

എക്‌സ് പ്ളാറ്റ്‌ഫോം അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശവുമായി ബന്ധപ്പെട്ടു ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിനെതിരെ എക്‌സ് പ്ളാറ്റ്‌ഫോം നൽകിയ അപ്പീൽ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. എക്‌സ് പ്ളാറ്റ്‌ഫോമിന്റെ അപ്പീൽ ഹരജിയിൽ നാളെയും വാദം തുടരും.

സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് എക്‌സ് പ്ളാറ്റ്‌ഫോം (മുൻ ട്വിറ്റർ) ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് ട്വിറ്ററിന്റെ ഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

കേന്ദ്ര സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് വ്യക്‌തമാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച്, നിർദ്ദേശം നടപ്പിലാക്കാൻ വൈകിയതിൽ ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ഈടാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് എക്‌സ് പ്ളാറ്റ്‌ഫോം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

Most Read| ‘കനേഡിയൻ പ്രതിനിധി 5 ദിവസത്തിനകം ഇന്ത്യ വിടണം’; തിരിച്ചടിച്ചു ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE