ന്യൂഡെൽഹി: സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന നിബന്ധനയില്ലെന്ന് കേന്ദ്രം. ഈ മാനദണ്ഡം ലോകത്തെവിടെയും സ്വീകാര്യമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോൾ പറഞ്ഞു.
രാജ്യത്തെ സ്‌കൂളുകൾ തുറക്കുന്നതിന് മുൻപായി കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ ഉയർന്നു വരുന്നതിനിടെയാണ് ഈ പ്രതികരണം. എന്നാൽ സ്‌കൂളുകളിലെ മറ്റ് ജീവനക്കാരും, അധ്യാപകരും വാക്‌സിൻ എടുത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളിൽ ഉപയോഗിക്കാൻ കഴിയുന്ന വാക്‌സിനുകളുടെ സാധ്യത സർക്കാർ തേടുകയാണെന്നും, ഇത് ശാസ്‌ത്രീയമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈഡസ് വാക്‌സിൻ കുട്ടികളിലെ ഉപയോഗത്തിന് അനുമതി നേടിയിട്ടുണ്ടെന്നും ഡോ. വികെ പോൾ പറഞ്ഞു.
ആഗോള തലത്തിൽ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ഏർപ്പെടുത്തിയത്, എന്നാൽ ഇതിന് ലോകാരോഗ്യ സംഘടനയുടെ ശുപാർശ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ക്യൂബയിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കാണ് ഇവിടെ കോവിഡ് വാക്‌സിൻ കൊടുത്തു തുടങ്ങിയത്.
Read Also: പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ