വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു

സമരസമിതിയുടെയും ബന്ധപ്പെട്ട സംഘടനകളുടെയും വീഴ്‌ചകളെ കുരുക്കാക്കി സമരത്തെ മെരുക്കാനുള്ള തന്ത്രം ഫലം കണ്ടുതുടങ്ങി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കളത്തിലറങ്ങിയതോടെ കേന്ദ്ര - സംസ്‌ഥാന സർക്കാരുകൾക്കും ഗൗതം അദാനിക്കും ആശ്വാസമാകുന്ന പിൻമാറ്റത്തിലാണ് സമരസമിതി.

By Central Desk, Malabar News
Vizhinjam struggle has waned _ State rejects demands
Rep. Image
Ajwa Travels

തിരുവനന്തപുരം: സമരസമിതിയുടെ വീഴ്‌ചകളെ കുരുക്കാക്കി സമരത്തെ മെരുക്കാനുള്ള തന്ത്രം ഫലം കണ്ടുതുടങ്ങി. കേന്ദ്ര – സംസ്‌ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ വിഴിഞ്ഞം സമരം ശാന്തമാകുന്നു.

സമരത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് വഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധത്തിൽ നേതാക്കളുടെ ഉത്തരവുകളും നിർദ്ദേശങ്ങളും ലഘിച്ചുകൊണ്ടു സമരക്കാർ നടത്തിയ അക്രമത്തിൽ മാദ്ധ്യമ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റതോടെ സമരസമിതി പിന്നിലേക്ക് വലിഞ്ഞിരുന്നു.

ഇതോടൊപ്പം വിദേശ ഫണ്ട് വിവാദവും കുരുക്കായി. കൂടാതെ സമരസമിതിയിൽ പങ്കെടുക്കുന്ന സംഘടനകളുടെ നിയമപരമായ വീഴ്‌ചകൾ കണ്ടെത്തി അതെല്ലാം വെളിയിൽ കൊണ്ടുവരാനും സമരസമിതി നേതാക്കളുടെയും നേതൃത്വം കൊടുക്കുന്ന ലത്തീൻ അതിരൂപത ഉൾപ്പടെയുള്ളവരുടെയും സാമ്പത്തിക ഇടപാടുകളും മറ്റുനിയമപരമായ വീഴ്‌ചകളും കണ്ടെത്തി അവ പുറത്തു കൊണ്ടുവരാനും ഇഡിക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചതായുള്ള സൂചനകളും സമരശക്‌തി ക്ഷയിക്കാൻ കാരണമായിട്ടുണ്ട്.

ചില സന്നദ്ധ സംഘടനകൾക്കായി രണ്ട് പൊതുമേഖല ബാങ്കുകളുടെ വഞ്ചിയൂർ, കോവളം ശാഖകളിലെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ വിദേശത്ത് നിന്നെത്തിയതിന്റെ വിവരങ്ങൾ ഇഡി ശേഖരിച്ചുകഴിഞ്ഞു. സമരത്തിന്റെ മുൻനിരയിൽ ഉള്ളവരുടെ സന്നദ്ധ സംഘടനകളാണ് ഇവയെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. വിഴിഞ്ഞം തുറമുഖ സമര മുന്നണിയിൽ പ്രവർത്തിക്കുന്ന നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനക്ക്‌ പത്ത് വർഷത്തിനിടെ വിദേശഫണ്ടായി 11 കോടി രൂപ ലഭിച്ചെന്ന പരാതിയിലെ വിവരങ്ങളും ഇൻ്റലിജൻസ് ശേഖരിക്കുന്നുണ്ട്.

Vizhinjam struggle has waned _ Gautam Adani
ഗൗതം അദാനി

മോദിയുടെ അടുത്തസുഹൃത്തും വിഴിഞ്ഞം പോർട്ട് ഉടമയുമായ ഗൗതം അദാനിയുടെ പോർട്ട് നിർമാണ പ്രവർത്തനങ്ങൾ തടയപ്പെട്ടതിൽ അന്താളിച്ചുപോയ കേന്ദ്രവും സംസ്‌ഥാനവും ഒന്നിച്ചാണ് സമരസമിതിയെ തളക്കാൻ ഇറങ്ങിയത്. കേന്ദ്ര നിർദ്ദേശം അനുസരിച്ച് കളത്തിലിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമരത്തിനെ പിടിച്ചുകെട്ടുമെന്ന് ഉറപ്പായിരുന്നു. അതിനെ ശരിവെക്കുന്നതാണ് സമരസമിതിയുടെ നിലവിലെ പിൻമാറ്റം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കളത്തിലറങ്ങിയതോടെ സംസ്‌ഥാന സർക്കാരിന് ആത്‌മവിശ്വാസവും കരുത്തും കൂടി. അതിന്റെ പ്രത്യക്ഷ ലക്ഷണമാണ് സമരസമിതി മുന്നോട്ടുവെച്ച പുതിയ ആവശ്യങ്ങൾ സർക്കാർ നിർദാക്ഷിണ്യം തള്ളിയത്. വെള്ളിയാഴ്‌ച ഫിഷറീസ് മന്ത്രി അബ്‌ദുറഹ്‌മാൻ നടത്തിയ അനൗദ്യോഗിക ചർച്ചയിലായിരുന്നു പുതിയ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. വീട് നഷ്‌ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് ദേശീയപാതാ വികസനത്തിന് സമാനമായ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു പ്രധാന ആവശ്യം.

Vizhinjam Protest _ Govt formed 'expert study committee' without strike members
ഗൗതം അദാനിയുടെ മകനും അദാനി പോർട്‌സ്‌ വിഭാഗം തലവനുമായ കരൺ അദാനിയും സംസ്‌ഥാന മുഖ്യമന്ത്രിയും (പഴയ ഫോട്ടോ)

ഇതിനായി മൂന്ന് സെന്റ് ഭൂമി വീതം പതിച്ച് നൽകണമെന്നും ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി ജനറൽ കൺവീനറുമായ യൂജിൻ പെരേര ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സർക്കാർ മുഖവിലക്കെടുത്തില്ല. ഈ ആവശ്യം നടക്കില്ലെന്നാണ് മന്ത്രി മറുപടി നൽകിയത്. ആവശ്യങ്ങൾ എഴുതി നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. ഇത് മുഖ്യമന്ത്രിക്ക് സമർപ്പിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.

മൃഗസംരക്ഷണവകുപ്പിൽ നിന്നും ഏറ്റെടുത്ത മുട്ടത്തറയിലെ എട്ട്‌ ഏക്കർ ഭൂമിയിൽ ഫ്‌ളാറ്റ്‌ നിർമാണം തുടങ്ങാനിരിക്കെയാണ് സമരസമിതിയുടെ പുതിയ ആവശ്യം. മന്ത്രിസഭാ ഉപസമിതി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് സർക്കാർ അനൗദ്യോഗിക ചർച്ച നടത്തിയത്. ഇതിലും സമവായ സാദ്ധ്യത അടഞ്ഞതോടെ ഹൈക്കോടതി നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലേക്ക് സർക്കാർ പ്രവേശിക്കും.

Vizhinjam struggle has waned _ Adani with Modi
Image courtesy: Rediff

ഇതിന് മുന്നോടിയായി സമരത്തിന് പിന്തുണ നൽകുന്ന ചില സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവര ശേഖരണം തുടങ്ങി. സംസ്ഥാന ഇൻ്റലിജൻസും വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. 201819 സാമ്പത്തിക വർഷത്തിൽ നാല് കോടിയും, 201920 സാമ്പത്തിക വർഷം 1.35 കോടി രൂപയും ലഭിച്ചുവെന്നാണ് ഇഡി പറയുന്നത്. കഴിഞ്ഞ രണ്ട് വർഷം ലഭിച്ച തുകയുടെ കണക്ക് ആഭ്യന്തര മന്ത്രാലയത്തിന് ഇവർ സമർപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്.

Most Read: സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE