തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 51 മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്.
വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അടക്കമാണ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്. 1,63,071 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് കമ്മീഷന് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ ചെന്നിത്തല കമ്മീഷന് കൈമാറിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജ വോട്ടര്‍മാരുടെ ആകെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്‌ഥാനത്തുട നീളം വ്യാജ വോട്ടര്‍മാരെ സൃഷ്‌ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓരോ മണ്ഡലത്തിലെയും യഥാര്‍ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്‌തമാണ് ആ മണ്ഡലങ്ങളിലെ വ്യജ വോട്ടര്‍മാരുടെ എണ്ണം.
യഥാര്‍ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്‌ടിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്‌ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാര്‍ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടെന്നും വരില്ല.
ഉദ്യോഗസ്‌ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. സംസ്‌ഥാനത്തുടനീളം ഒരേ ശൈലിയിലാണ് ഈ വ്യാജവോട്ട് നിര്‍മ്മാണം നടന്നിരിക്കുന്നത്. സംസ്‌ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്‌തമാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: ഇരിക്കൂർ; നേതാക്കളുമായി ചർച്ച ചെയ്‌ത് പ്രശ്‌നപരിഹാരം കാണുമെന്ന് ഉമ്മൻ ചാണ്ടി