മസ്ക്കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സിവിൽ ഡിഫൻസും, റോയൽ ഒമാൻ പോലീസും ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ മുന്നിൽ കണ്ട് രാജ്യത്തിന്റെ വടക്കൻ ഗവർണറേറ്റുകളിലുള്ള ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്കറ്റ്, തെക്കൻ അൽ ശർഖിയ, വടക്കൻ ശർഖിയ, ബറേമി, ദാഖിലിയ, ദാഹിറ എന്നീ മേഖലകളിലാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. കൂടാതെ ഇവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും കടൽ പ്രക്ഷുബ്ധമാകാനും, മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരുഭൂമികളിൽ പൊടിക്കാറ്റ് രൂക്ഷമാകാൻ ഇടയുണ്ടെന്നും, വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Read also: കെ- റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും