വന്യമൃഗശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ്

By Desk Reporter, Malabar News
Wild-Animals
Representational Image
Ajwa Travels

കാസർഗോഡ്: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ജില്ലാതലത്തിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും ഓൺലൈൻ യോഗത്തിലാണ് സോളർ തൂക്കുവേലികൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്.

അതത് പ്രദേശങ്ങൾക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. വനം വകുപ്പ് തൂക്കുവേലികൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അജിത് കെ രാമൻ പറഞ്ഞു. കാട്ടാനകൾ ആന മതിലുകളെയും മറികടക്കുന്ന സാഹചര്യമാണുള്ളത്. സോളാർ വേലികളെയും ആനകൾ മറികടക്കുന്നതിനാൽ തൂക്കുവേലി തന്നെയാണ് അഭികാമ്യം. പരമാവധി സ്‌ഥലങ്ങളിൽ നിലവിലെ ഫെൻസിങ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനൊപ്പം തൂക്കുവേലികളും സ്‌ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് ഫോറസ്‌റ്റ് റേഞ്ചിന് കീഴിൽ 10 കിലോമീറ്ററിൽ സൗരോർജ തൂക്കുവേലിയും 10 കിലോമീറ്ററിൽ ആന പ്രതിരോധ കിടങ്ങും സ്‌ഥാപിക്കും. വന്യമൃഗശല്യം ഒഴിവാക്കാൻ കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പ്ളാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ നീക്കിവെക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മറ്റു തദ്ദേശ സ്‌ഥാപനങ്ങളും ഈ രീതിയിൽ മുന്നോട്ട് വന്നാൽ പ്രാദേശിക ജാഗ്രത സമിതികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ കഴിയും.

വന്യമൃഗശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ ഏതെങ്കിലും മേഖലയിൽ ബാക്കിയുണ്ടെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരി പറഞ്ഞു. എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എം രാജഗോപാലൻ, സിഎച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എകെഎം അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെപി വൽസൻ, ഗിരിജ മോഹനൻ, ജെയിംസ് പന്തമ്മാക്കൽ, രാജു കട്ടക്കയം, എഡിഎം എകെ രമേന്ദ്രൻ, റേഞ്ച് ഫോറസ്‌റ്റ് ഓഫിസർമാരായ അഷ്‌റഫ്, സോളമൻ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Most Read:  കരിപ്പൂർ വിമാന അപകടത്തിന് ഒരു വയസ്; അപകടകാരണം ഇപ്പോഴും അവ്യക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE