കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം

By Trainee Reporter, Malabar News
Representational Image
Ajwa Travels

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. ഫാമിലെ കായ്‌ഫലമുള്ള 30 തെങ്ങുകളും, 15 കമുക് മരങ്ങളും, കൊക്കോ മരങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കൂടാതെ, ഫാമിലെ തൊഴിലാളികളുടെ വിശ്രമ കേന്ദ്രവും വൈദ്യുതി തൂണും തകർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഫാമിൽ കാട്ടാനകളുടെ ആക്രമണം അതിരൂക്ഷമാണ്.

നേരത്തേ വനാതിർത്തിയിലുള്ള ഫാമിന്റെ ബ്ളോക്കുകളിൽ മാത്രമായിരുന്നു കാട്ടാന ശല്യം ഉണ്ടായിരുന്നത്. എന്നാൽ അവ ഇപ്പോൾ ഫാമും പുനരധിവാസ മേഖലയുമായി 3,060 ഹെക്‌ടർ സ്‌ഥലത്താണ്‌ ഭീഷണിയായി തുടരുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവിടെയുള്ള കായ്‌ഫലമുള്ള 155 തെങ്ങ്, 12 കൂറ്റൻ പ്ളാവുകൾ, 224 കൊക്കോ മരം, 167 കശുമാവ് എന്നിവയാണ് നശിപ്പിച്ചത്. 50 ഓളം ആനകളാണ് ഫാമിൽ രണ്ടുമാസമായി തമ്പടിച്ചിരിക്കുന്നത്.

വനാതിർത്തിക്ക് പുറത്തുള്ള ആറളം, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലും കാട്ടാനകൾ നാശം വിതയ്‌ക്കുന്നുണ്ട്. രണ്ടു മാസം മുൻപ് വനപാലകർ ഇവിടെനിന്ന് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയിരുന്നു. ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന് ഒടുവിലായിരുന്നു കാട്ടാനകളെ തുരത്തിയത്. എന്നാൽ, വനാതിർത്തിയിലെ ആനമതിൽ തകർത്ത്  ഇവയെല്ലാം വീണ്ടും ഫാമിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്.

രണ്ടു വർഷങ്ങളിലായി കാട്ടാനയുടെ ആക്രമണത്തിൽ 11.04 കോടി രൂപയുടെ വിളനാശം ആണ് ഉണ്ടായത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഫാമിൽ പുനരുദ്ധാരണത്തിന് രണ്ടു ഘട്ടങ്ങളിലായി 9.5 കോടി രൂപ അനുവദിക്കുകയും വികസന പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ, വികസനവും കാട്ടാനകൾ നശിപ്പിക്കുന്ന വക്കിലാണ്. പല സമയങ്ങളിലും ആനക്കൂട്ടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് ഫാമിലെ ജീവനക്കാരും പ്രദേശവാസികളും രക്ഷപ്പെടുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടെ എട്ടു പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം, ആനമതിലിന്റെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പുനരധിവാസ മേഖലയിലെ താമസക്കാർ നൽകിയ ഹരജിയിലാണ് നടപടി. രാത്രിയിലടക്കം പത്തു സുരക്ഷാ ജോലിക്കാരെയാണ് ഫാമിലെ നഴ്‌സറികളുടെ സംരക്ഷണത്തിനായി സ്‌ഥിരം കാവലിന് നിയോഗിച്ചിട്ടുള്ളത്.

Read Also: കള്ളിൽ കഞ്ചാവ് കലർത്തി വിൽപന; 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE