ഇറാന്റെ ആക്രമണം വർധിച്ചു; സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും യുഎഇ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
Israel- Iran Conflict 
Rep. Image
Ajwa Travels

അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണം വർധിച്ചതോടെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ ഭരണകൂടം. ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ സുരക്ഷിതമായ സ്‌ഥലത്തേക്ക്‌ മാറുക. വീടുകളിൽ നിന്ന് പുറത്തിറങ്ങുകയോ കാറുകൾ നിർത്തി വീഡിയോകൾ ചിത്രീകരിക്കുകയോ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്‌ച ഇറാനിൽ നിന്നും കൂടുതൽ ആക്രമണങ്ങൾ യുഎഇക്ക് നേരെയുണ്ടായിരുന്നു. എന്നാൽ, ഇവയെല്ലാം വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 123 പേർ കൊല്ലപ്പെടുകയും 683 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആരോഗ്യ മന്ത്രാലയം റിപ്പോർട് ചെയ്യുന്നു. ലെബനനിലെ ബെക്കാ താഴ്‌വരയിൽ നടന്ന ആക്രമണത്തിൽ അഞ്ചുവയസുള്ള പെൺകുട്ടിയും ഏഴ് വയസുള്ള ആൺകുട്ടിയും കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബെയ്‌റൂട്ടിലെ ദാഹിയ എന്ന പ്രദേശത്തും ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അതേസമയം, വടക്കൻ ഇസ്രയേലിലെ സൈനിക താവളത്തിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ലെബനനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു.

പരിമിതമായ രീതിയിൽ വിമാന സർവീസുകൾ

അബുദാബിയിൽ നിന്ന് ഇന്ന് മുതൽ മാർച്ച് 19 വരെ പരിമിതമായ തോതിൽ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് ഇത്തിഹാദ് എയർലൈൻസ് സർവീസ് നടത്തും. ഡെൽഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ്.

സൗദി, ഒമാൻ വ്യോമമേഖല തുറന്ന പശ്‌ചാത്തലത്തിൽ ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും പുനരാരംഭിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്കും എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ് നടത്തും.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസുണ്ടാകും. ദുബായിൽ നിന്ന് ഡെൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ സർവീസ് നടത്തും. ഗൾഫിലെ എട്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇൻഡിഗോ ഇന്ന് 34 സർവീസുകൾ നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സർവീസുകളും ഇതിൽ ഉൾപ്പെടും.

സംഘർഷം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ 2300ലേറെ വിമാന സർവീസുകൾ മുടങ്ങിയെന്നാണ് വിവരം. ഇതിൽ 1700ലേറെ സർവീസുകൾ ഇന്ത്യൻ കമ്പനികളുടെയും ബാക്കി വിദേശ കമ്പനികളുടേതുമാണ്. ഏകദേശം 2.93 ലക്ഷം യാത്രക്കാരെ വ്യോമപ്രതിസന്ധി ബാധിച്ചുവെന്നാണ് കണക്ക്. 15,000ലേറെ പേർ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി. ഇന്നലെ മാത്രം 281 വിമാന സർവീസുകളാണ് റദ്ദാക്കിയത്.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE