തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ കേരളം. സംസ്‌ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്-33, വയനാട്-18, തൃശൂർ-9, ആലപ്പുഴ-3 എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഈവർഷം 186 പേർക്കാണ് രോഗം റിപ്പോർട് ചെയ്‌തത്.
അതേസമയം, 68 പേർക്ക് ഇന്ന് ഡെങ്കിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ നാട്ടികയിൽ ഇന്ന് ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് ഒരാൾക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരവും ഒരാൾക്ക് കുരങ്ങുപനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിക്കാണ് കുരങ്ങുപനി.
നാല് മലേറിയ കേസുകളും 16 എലിപ്പനി കേസുകളും സംസ്‌ഥാനത്ത് ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്. പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ സംസ്‌ഥാനതല ക്യാമ്പയിൻ ജൂലൈ 31 വരെ നടക്കും. സംസ്‌ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്‌ഞം നടക്കും.
Most Read| അമേരിക്ക-ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ഒപ്പുവെച്ചത് ഫ്രാൻസിൽ വെച്ച്





































