ടെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടികളിലേക്ക് ഇറാൻ കടക്കുന്നത്.
ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് മണിക്കൂറുകൾക്കകമാണ് ദക്ഷിണ ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും കുറഞ്ഞത് അഞ്ചുപേർ കൊല്ലപ്പെട്ടതായി ലബനൻ സർക്കാർ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ നബാതിയ മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും തുടർച്ചയായി ആക്രമണം നടത്തിയതായാണ് റിപ്പോർട്. പുലർച്ചെയ്ക്ക് മുൻപ് നബാതിയയിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ പീരങ്കി ആക്രമണവും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചതായി വെള്ളിയാഴ്ച യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനും രണ്ട് ഹിസ്ബുല്ല വൃത്തങ്ങളും കരാർ നിലവിൽ വന്നതായും സ്ഥിരീകരിച്ചിരുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരാനായിരുന്നു ധാരണയെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Most Read| സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗം



































