ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ ആക്രമണം. 27 ജീവനക്കാരുമായി പോയ ‘എംടി ലൂയിസ്’ എന്ന പനാമ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ആയിരുന്നു ആക്രമണം നടന്നത്.
കപ്പലിൽ ഉണ്ടായിരുന്ന 27 ഇന്ത്യൻ നാവികരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവയ്ക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാർ ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
പരിസ്ഥിതി മലിനീകരണമോ എണ്ണചോർച്ചയോ ഉണ്ടായിട്ടില്ലെന്നും കപ്പൽ യാത്ര തുടർന്നതായും അധികൃതർ അറിയിച്ചു. ഒമാൻ തീരത്തെ 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ അറിയിച്ചു. വ്യാഴാഴ്ച രണ്ട് ഇന്ത്യൻ ജീവനക്കാരുമായി പോയ എംടി അർസാനോ എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നിരുന്നു.
ഫെബ്രുവരിയിൽ യുഎസും ഇറാനും തമ്മിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതാദ്യമായാണ് ലിമ്പറ്റ് മൈനുകൾ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്. കടലിടുക്കിൽ തങ്ങളുടെ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാൻ ഈ മേഖലയിൽ കപ്പലുകളെ ലക്ഷ്യമിടുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































