കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷ് (36) ആണ് മരിച്ചത്. ബത്തേരിക്ക് സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ യുവാവിനെ കൊന്നു പാതിയോളം ഭക്ഷിച്ചത്. വാകേരി മൂടക്കൊല്ലിയിലെ വയലിൽ നിന്നാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പല ശരീരഭാഗങ്ങളും വേർപ്പെട്ടിരുന്നു. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. രാവിലെ 11 മണിയോടെ പാടത്ത് പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചുപോയ സഹോദരനാണ് വൈകിട്ട് നാലരയോടെ മൃതദേഹം കണ്ടത്. ഇടതു കാലിന്റെ പകുതിയോളം ഭാഗം പൂർണമായും കടിച്ചു കൊണ്ടുപോയിട്ടുണ്ട്.
സംഭവ സ്‌ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്. എന്നാൽ, വനംവകുപ്പിന്റെ ഉൾപ്പടെ മുതിർന്ന ഉദ്യോഗസ്‌ഥർ വരാത്തതിൽ നാട്ടുകാർ സ്‌ഥലത്ത് പ്രതിഷേധത്തിലാണ്. ജനവാസ മേഖലയോട് അടുത്തുള്ള വനാതിർത്തിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഇവിടങ്ങളിൽ പലപ്പോഴായി കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Most Read| നിയമ നടപടിക്കൊരുങ്ങി മഹുവ മൊയ്‌ത്ര; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം