ന്യൂഡെൽഹി: പുതുക്കിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ഹരിയാനയിൽ ഉൾപ്പടെ കർഷക സമരം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിലാണ് കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് മന്ത്രി അറിയിച്ചത്. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സമരമുഖത്ത് 58കാരനായ കർഷകൻ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്‍മഹത്യ ചെയ്‌തിരുന്നു.
അതേസമയം വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരങ്ങൾ അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. നിയമങ്ങൾ പിൻവലിക്കാത്ത പക്ഷം കൂടുതൽ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ പറയുന്നു.
2020 നവംബർ 26നാണ് ലക്ഷക്കണക്കിന് കർഷകർ ഡെൽഹിയിലേക്കുള്ള ദേശീയപാതകൾ ഉപരോധിച്ച് സമരമാരംഭിച്ചത്. ജൂൺ 26ന് സമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായ പ്രതിഷേധത്തിന് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Most Read: ലക്ഷദ്വീപിൽ സർക്കാർ തസ്‌തികകൾ വെട്ടിക്കുറക്കാൻ നീക്കവുമായി ഭരണകൂടം