ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ മറുപടി നൽകും. രാജ്യസഭയിൽ രാവിലെ 10.30നും ലോക്‌സഭയിൽ വൈകിട്ട് 4 മണിക്കും മന്ത്രി വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 3ന് ഉത്തര്‍പ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണത്തെ തുടർന്ന് അസദുദ്ദീൻ ഒവൈസി എംപിക്ക് കേന്ദ്ര സർക്കാർ ‘ഇസഡ്’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വെടിവെപ്പിനെ തുടർന്ന് നടത്തിയ അവലോകന യോഗത്തിലാണ് കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.
Also Read: സിൽവർ ലൈൻ; ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട് മൂന്ന് മാസത്തിനുള്ളിൽ